 
ഇലന്തൂർ : ചൂട്ടുകറ്റയുടെയും താലപ്പൊലികളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ എത്തിയ പിശാചും മറുതയും യക്ഷിയും പക്ഷിയും കാലനും ഭൈരവിയും തപ്പ് മേളത്തിന്റെ താളത്തിനൊത്ത് പടയണിക്കളത്തിൽ നിറഞ്ഞാടി. ആഴ്ചകൾക്ക് മുമ്പ് ഒരുക്കം തുടങ്ങിയ ഒരു ജനകീയ കൂട്ടായ്മയുടെ കര ഉത്സവത്തിനാണ് ഇന്നലെ പരിസമാപ്തിയായത്. ഗണപതി ക്ഷേത്രസന്നിധിയിൽ നിന്ന് ആരംഭിച്ച കോലം എതിരേല്പിൽ നിരവധി കോലങ്ങൾ അണിചേർന്നു. വിശേഷാൽ കോലങ്ങളായ അന്തരയക്ഷിയും എരി നാഗയക്ഷിയും അടന്തതാളത്തിൽ തുടങ്ങി ചടുലമായ മുറുക്കത്തോടെയാണ് തുള്ളി ഒഴിഞ്ഞത്. നാലാം ഉത്സവ ദിനമായ ഇന്ന് കിഴക്ക് കരയിൽ നിന്ന് കൂട്ടക്കോലങ്ങൾ എഴുന്നെള്ളും.