temple
ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വെൺപൊലിക്കുട്ടം അവതരിപ്പിച്ച കുളത്തിൽ വേല

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ പത്തുനാളിലെ ഉത്സവത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ട് ഇന്ന് നടക്കും. ആറാട്ടുദിവസം ഉച്ചയ്ക്കുശേഷം മൂലവിഗ്രഹത്തിൽ ദർഭകൊണ്ടുള്ള കൂർച്ച സ്ഥാപിച്ച് വസ്ത്രംകൊണ്ടുമൂടി നടയടയ്ക്കും. വൈകുന്നേരം ശ്രീകോവിലിൽ നിന്ന് ദേവന്മാരെ എഴുന്നെള്ളിച്ച് ധ്വജസ്തംഭത്തിനു മുൻപിലെത്തി ക്ഷേത്രതന്ത്രി കൊടിയിറക്കിയശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗോവിന്ദൻകുളങ്ങര ക്ഷേത്രംവഴി ആറാട്ടിനെഴുന്നള്ളിക്കുന്നു. ആറാട്ടുഘോഷയാത്ര മുറിയാപ്പാലത്തിലെത്തുമ്പോൾ, ഭഗവാന്റെ തൃക്കരങ്ങളാൽ പ്രതിഷ്ഠിതമായ തുകലശ്ശേരി മഹാദേവ ക്ഷേത്രത്തിലേക്ക് ദേവന്മാരെ സ്വീകരിക്കും. തുടർന്ന് മഹാദേവക്ഷേത്രത്തിൽ എഴുന്നെള്ളിച്ചിരുത്തുന്നു. ദേവന്മാരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രത്തിലെ പൂജകൾക്കുശേഷം ആറാട്ടുകടവിലേക്ക് എഴുന്നെള്ളിക്കും. ആറാട്ടിനുശേഷം തിരിച്ചെഴുന്നള്ളത്തിന് ഭക്തജനങ്ങൾ സമർപ്പിക്കുന്ന നിറപറകളും സ്വീകരിച്ച് തുകലശ്ശേരി മഹാദേവ ക്ഷേത്രത്തിൽ തിരിച്ചെത്തി ശ്രീവല്ലഭ സ്വാമിക്കും സുദർശന മൂർത്തിക്കും ദീപാരാധനയും പൂജയും നൈവേദ്യവും ക്ഷേത്രതന്ത്രി നടത്തും. അവിടെനിന്ന് വാദ്യമേളങ്ങളോടെ എഴുന്നെള്ളുന്ന ഭഗവാൻ വഴിമധ്യേ ലഭിക്കുന്ന നിറപറകൾ സ്വീകരിച്ച് കിഴക്കേ നടയിലെത്തും. ഭക്തജനങ്ങളുടെ സ്വീകരണശേഷം ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് തിരുമുൻപിൽ വേല, വലിയ കാണിക്ക, കർപ്പൂരാരാധന എന്നിവയ്ക്കുശേഷം പ്രദക്ഷിണം ചെയ്ത് നാലമ്പലത്തിനുള്ളിൽ പ്രവേശിച്ച് പൂജകൾക്കുശേഷം പള്ളിക്കുറുപ്പോടുകൂടി നടയടയ്ക്കുമ്പോൾ ഉത്സവചടങ്ങുകൾ പര്യവസാനിക്കും.