പത്തനംതിട്ട : ഇലന്തൂർ പരിയാരം വിജയവിലാസത്തിൽ സജീവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിരപരാധിയെ പൊലീസ് പ്രതിയാക്കിയെന്ന് ബന്ധുക്കളുടെ പരാതി.
ഇലവുംതിട്ട ലക്ഷ്മിപുരത്ത് വീട്ടിൽ രവീന്ദ്രൻ ,ഭാര്യ ആനന്ദവല്ലി, മകൻ അരുൺലാലിന്റെ ഭാര്യ അഞ്ജന എന്നിവരാണ് പരാതിക്കാർ. അരുൺലാലിനെ പൊലീസ് കൊലപാതക കേസിൽ അറസ്റ്റുചെയ്തിരുന്നു. 58 ദിവസം അരുൺ ജയിലിൽ കഴിഞ്ഞു. 2019 ജൂലായ് 27നാണ് കേസിനാസ്പദമായ സംഭവം.
സജീവ്, ഭാര്യവീടായ പടിഞ്ഞാറ്റേക്കര വീട്ടിലെത്തി ഭാര്യാപിതാവ് ഗോപാലനും ഭാര്യാ സഹോദരൻ രാജനുമായി വാക്കുതർക്കം ഉണ്ടായി. ബഹളം കേട്ട് സമീപവാസിയായ അരുൺ സ്ഥലത്തെത്തിയിരുന്നു. ഇതിനിടെ, മർദ്ദനമേറ്റ് ആശുപത്രിയിലായ സജീവ് മരിച്ചു. സംഭവത്തിന് നിരവധി സാക്ഷികളുണ്ടെന്ന് അരുണിന്റെ ബന്ധുക്കൾ പറയുന്നു. സജീവിന്റെ മൊഴിയെ അവഗണിച്ച് രണ്ട് പേർ മാത്രം ചേർന്ന് ഉപദ്രവിക്കുകയായിരുന്നു എന്ന തരത്തിൽ പൊലീസ് അന്വേഷണം നടത്തി. അതിലൊരാൾ അരുൺ ആണെന്ന് പറഞ്ഞ് പൊലീസ് പ്രതിയാക്കിയെന്നാണ് പരാതി.
ഗൾഫിൽ നിന്ന് നാട്ടിലെത്തിയിരുന്ന അരുണിന് കേസ് കാരണം തിരികെപ്പോകാൻ കഴിഞ്ഞില്ല. സംഭവത്തിന്റെ വസ്തുതകൾ പരിശോധിച്ച് യഥാർത്ഥ പ്രതികളെ പിടികൂടണമെന്നും കേസ് വഴിതെറ്റിച്ച് നിരപരാധികളെ പ്രതികളാക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളെ തടയണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പത്തനംതിട്ട എസ്.പിക്കും പരാതി നൽകി.