m-v-govindan-master

ശാസ്ത്ര സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ മാറ്റം അനിവാര്യമാണെന്ന് വകുപ്പ് കൈയാളുന്ന ഗോവിന്ദൻ മാഷ് പറയുന്നു. എല്ലാം മാറ്റത്തിന് വിധേയമാണെന്ന് ജില്ലകൾ തോറുമുള്ള നവകേരളം തദ്ദേശകം പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കിക്കൊടുത്തു. തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗത്തിലാണ് മന്ത്രിയുടെ പ്രസ്താവന. പണ്ട് ലാപ് ടോപ്പ് ആദ്യമായി കേരളത്തിലെത്തിച്ച് മാറ്റങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ എല്ലാം തല്ലിത്തകർത്ത് മാറ്റങ്ങളെ മുച്ചൂടും തകർത്തവരാണ് മാഷും പാർട്ടിയും. പതിറ്റാണ്ടുകൾക്കിപ്പുറം ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ പങ്കാളിത്തം സ്വീകരിക്കുന്നത് സംബന്ധിച്ച സെമിനാറിൽ പങ്കെടുത്ത വിദ്യാഭ്യാസ വിചക്ഷണൻ ടി.പി ശ്രീനിവാസനെ കരണത്തടിച്ചും കഴുത്തിൽ പിടിച്ച് തള്ളിയും മാറ്റങ്ങൾക്കെതിരെ കൊടി കുത്തിയവരാണ് പാർട്ടിയുടെ കുട്ടിസഖാക്കൾ. ഇന്നിപ്പോൾ മാറ്റങ്ങളെ നവീകരണമെന്ന പേരിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആകർഷിച്ചിരിക്കുകയാണ് മന്ത്രി.

ശാസ്ത്രസാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചുള്ള നവീകരണമാണ് തദ്ദേശസ്ഥാപനങ്ങളിൽ ആവശ്യമെന്ന് മന്ത്രി പറയുന്നു. മൂന്നു മന്ത്രിമാർ വരെ കൈകാര്യം ചെയ്‌തിരുന്ന തദ്ദേശവകുപ്പ് ഒരു വകുപ്പിന്റെ കീഴിലാക്കിയ ഏകീകരണത്തിലൂടെ വികസന രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കാനുള്ള പുറപ്പാടിലാണ് മന്ത്രി. തൊഴിലുറപ്പും കുടുംബശ്രീയും തദ്ദേശഭരണ വകുപ്പിന്റെ ഭാഗമായിട്ടുണ്ട്. വിവിധ വകുപ്പുകളിലായി ചിതറിക്കിടന്ന 37000ത്തോളം ജീവനക്കാർ ഒരു കുടക്കീഴിലായി. ഏകീകൃത വകുപ്പിൽ ഭരണമല്ല വേണ്ടത് കൃത്യമായതും സമയബന്ധിതവുമായ സേവനം ജനങ്ങൾക്ക് പ്രദാനം ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കുന്നു. പൗരന് കിട്ടേണ്ട സേവനങ്ങളും അവകാശങ്ങളും നിഷേധിക്കാൻ പാടില്ല. ചുരുക്കത്തിൽ, നവീകരണങ്ങൾക്ക് എതിര് നിൽക്കുന്നവരെ ശത്രുക്കളായി കണക്കാക്കും. അവരെല്ലാം വികസന വിരോധികളാകും. അവർക്ക് കരണത്തടി കിട്ടിയേക്കും എന്നതാണ് പുതിയ പോളിസി.

കൈക്കൂലി തുടങ്ങിയ പഴയകാല മാമൂലുകൾ ഇനി പറ്റില്ലെന്ന് പത്തനംതിട്ടയിലെത്തിയ മന്ത്രി ഉദ്യോഗസ്ഥരെ ഒാർമിപ്പിച്ചു. അഴിമതിയും കെടുകാര്യസ്ഥതയ്ക്കും മാറ്റം വരുത്തും. ഫയൽ പിടിച്ചു വയ്‌ക്കുക എന്നത് സർക്കാരിന്റേയും തദ്ദേശവകുപ്പിന്റേയും നയമല്ല. എല്ലാ ഫയലുകളും ഏപ്രിൽ - മെയ് മാസത്തോടെ പൂർണമായും ഇ-ഫയൽ ആക്കുന്നതോടെ ഫയലുകളിൽ തീരുമാനം വേഗം വരുമെന്ന മന്ത്രിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉദ്യോഗസ്ഥർ ഉയരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ശമ്പളത്തിൽ തൊടാതെ കിമ്പളം കൊണ്ട് ജീവിക്കുന്ന ഉദ്യോഗസ്ഥർ തദ്ദേശ വകുപ്പിലുമുണ്ട്. ഒാരോ ദിവസത്തെയും വട്ടച്ചെലവിനും വണ്ടിക്കൂലിക്കും പാവങ്ങളുടെ പോക്കറ്റടിക്കുന്ന ഉദ്യോഗസ്ഥർ കുറവല്ല. കൈക്കൂലിക്കേസിൽ പിടിക്കപ്പെടുന്നവരുടെ എണ്ണം അടുത്തിടെ തുടർച്ചയായി വാർത്തകളിൽ നിറയുന്നുണ്ട്. അപേക്ഷകളിലെയും ഫയലുകളിലെയും പഴുതുകൾ ചികഞ്ഞ് തീർപ്പ് നീട്ടിക്കൊണ്ടുപോകുന്നതിന് ഇ-ഫയലുകളും തടസമല്ലെന്ന് ഉദ്യോഗസ്ഥർക്ക് അറിയാം.

"ഓരോ മനുഷ്യന്റെയും ജീവനും ജീവിതവുമാണ് ഓരോ ഫയലും " എന്ന് മുഖ്യമന്ത്രി നാല് വർഷം മുൻപ് നൽകിയ സന്ദേശം ഇപ്പോഴും അന്തരീക്ഷത്തിൽ തന്നെ നിൽക്കുകയാണ്. അഴിമതിക്കാരും കൈക്കൂലിക്കാരും പതുങ്ങിയിരിപ്പുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കൈക്കൂലിക്കേസിൽ പത്തനംതിട്ടയിൽ അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ എണ്ണം ചെറുതല്ല. പഞ്ചായത്തുകളിലും വില്ലേജുകളിലും കാര്യസാദ്ധ്യത്തിന് കിമ്പളം വാങ്ങിയവർ കുടുങ്ങിയിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിൽ പദ്ധതി നിർവഹണം പ്രധാനമാണ്. അത് പൂർത്തിയാക്കാത്ത പഞ്ചായത്തുകൾ ഒട്ടേറെയുണ്ട്. കഴിഞ്ഞ ദിവസം നടന്ന ജില്ലാവികസന നിരീക്ഷണ ഏകോപനസമിതി യോഗത്തിൽ ആന്റോ ആന്റണി ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥ വീഴ്ചയെയാണ് എം.പി പരാമർശിച്ചത്.

ഫയൽ തട്ടുകൾ കുറയ്ക്കണം


"അഴിമതിക്കാർ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കില്ല; പകരം സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരുമെന്നും അതിനുള്ള സംവിധാനം സർക്കാർ ഒരുക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കർശനമായി നടപ്പിലാക്കുമെന്നാണ് എം.വി ഗോവിന്ദൻ മാസ്റ്റർ പ്രഖ്യാപിച്ചത്. മാമൂലുകൾ മാറ്റാൻ തയ്യാറാകാത്തവരെ ബന്ധപ്പെട്ട ഫയലുകളുമായി തിരുവനന്തപുരത്ത് വിളിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽ ഇനി ഫലുകളിൽ മേൽ 'ക്വറി'യില്ല. പൗരന് വേഗത്തിൽ സേവനം നൽകണം. ഇതിനായി ഫയൽ നീക്കത്തിന്റെ തട്ടുകൾ കുറയ്ക്കും. സേവനം നേരിട്ട് നൽകണമെന്ന് മന്ത്രി പറഞ്ഞു.

ഫയലിന്റെ തട്ടുകൾ കുറയണമെങ്കിൽ തുട്ടുകൾ കിട്ടണമെന്ന ഉദ്യോഗസ്ഥ ചട്ടം തകർത്തു കളയേണ്ടതുണ്ട്. അതിനുള്ള ശക്തമായ നടപടികളാണ് മന്ത്രിയിൽനിന്ന് പ്രതീക്ഷിക്കുന്നത്. 20-25 വർഷം കൊണ്ട് കേരളം വികസിത രാജ്യങ്ങളെപ്പോലെ ലോകത്തിന് തന്നെ മാതൃകയാകുമെന്നാണ് മാഷിന്റെ പ്രവചനം. കേരള സംസ്ഥാനം രൂപപ്പെട്ടിട്ട് ഇന്നേക്ക് ആറര പതിറ്റാണ്ടായി. നിരവധി വികസന പദ്ധതകൾ ആസൂത്രണം ചെയ്യുകയും നട‌പ്പാക്കുകയും ചെയ്തു. ലോകശ്രദ്ധ നേട‌ിയ ജനകീയാസൂത്രണം തന്നെ ഉദാഹരണം. എന്നിട്ടും ലോക രാജ്യങ്ങൾക്ക് മാതൃകയാകാൻ കഴിഞ്ഞില്ല. ഇനിയും കാൽനൂറ്റാണ്ട് കടക്കണം പോലും മാതൃകാ സംസ്ഥാനമാകാൻ!.