1
കോട്ടാങ്ങൽ ചുങ്കപ്പാറ സി കെ റോസിന്റെ നിലവിലെ അവസ്ഥ

മല്ലപ്പള്ളി: ചുങ്കപ്പാറ - കോട്ടാങ്ങൽ സി.കെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിലെ ടാറിംഗ് പൂർണമായും ഇളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ ഇതുവഴിയുള്ള കാൽ നടയാത്ര പോലും ദുസഹമായിരിക്കുകയാണ്. വാഹനങ്ങൾ കടന്നു പോകുമ്പോൾ മെറ്റൽ തെറിച്ച് വഴിയാത്രക്കാരുടെ ദേഹത്ത് വീഴുന്നത് പതിവാണ്. കോട്ടാങ്ങൽ മുതൽ ചുങ്കപ്പാറ വരെയും റോഡിലെ ടാറിംഗ് ഇളകി മെറ്റൽ നിരന്ന് കിടക്കുകയാണ്.വർഷങ്ങൾക്ക് മുൻപ് ടാറിംഗ് പൂർത്തിയാക്കിയ സി.കെ റോഡിൽ പിന്നീട് യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ വശങ്ങളിൽ ഓടകൾ ഇല്ലാത്തതിനാൽ മഴ പെയ്യുമ്പോൾ ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള കുത്തൊഴുക്കാണ് റോഡിലൂടെ. കല്ലും മണ്ണും റോഡിൽ നിരക്കുന്നതോടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്. റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ വീടുകളിൽ തെറിച്ചു വീഴുന്നതിനാൽ വീട്ടുകാർക്കും ഏറെ ദുരിതമാണ്.

ഫണ്ട് അനുവദിച്ചെന്ന് അധികൃതർ

റോഡ് ഉന്നതനിലവാരത്തിൽ ഉയർത്തി ടാറിംഗ് നടത്തുന്നതിന് ലക്ഷങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് പറയാൻ തുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞെങ്കിലും നടപടി അയിട്ടില്ല. ചുങ്കപ്പാറ - കോട്ടാങ്ങൽ പ്രധാന റോഡിൽ ഗതാഗത തടസം നേരിടുമ്പോൾ വാഹനങ്ങൾ കടത്തിവിടുന്ന ബൈപ്പാസ് റോഡുകൂടിയായ സി.കെ റോഡിനോട് അധികൃതർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന ആവശ്യത്തിനും പഴക്കം ഏറെയുണ്ട്. വർഷങ്ങൾക്ക് മുൻപ് റോഡ് സഞ്ചാരയോഗ്യമാക്കുമെന്നത് പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി. വിദ്യാർത്ഥികളടക്കം നൂറുകണക്കിന് കാൽനടയാത്രക്കാർ ആശ്രയിക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണി നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.

................

മാറി വരുന്ന ജനപ്രതിനിധികളുടെ പ്രഖ്യാപനവും റോഡിന്റെ വികസന മുരടിപ്പിലേക്ക് എത്തിച്ചു. നിരവധി ആളുകൾക്ക് ഉപയോഗ പ്രദമായ റോഡ് സഞ്ചാര യോഗ്യമാക്കണം.

പി.സി സോമൻ.

പ്രദേശവാസി

..............

-മെറ്റലുകൾ ഇളകി

-ഇരു ചക്രവാഹന യാത്രികൾ അപകടത്തിൽപ്പെടുന്നത് പതിവ്

- കലുങ്കുകൾ അപകട ഭീഷണിയിൽ