പ്രമാടം : വേനൽ കത്തുന്നതോടെ വള്ളിക്കോട് പഞ്ചായത്തിലെ തൃപ്പാറയിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമാകുന്നു. ചൂടിന്റെ കാഠിന്യത്തിൽ ജലശ്രോതസുകൾ വറ്റിവരണ്ടത്തിന് പിന്നാലെ കൈപ്പട്ടൂർ- വള്ളിക്കോട് റോഡ് വികസനത്തിനിടെ ജല അതോറിറ്റിയുടെ പൈപ്പുലൈനുകൾ തുടർച്ചയായി പൊട്ടുന്നതിനാൽ കുടിവെള്ളം തേടി ജനം നെട്ടോട്ടത്തിലാണ്. ദിവസങ്ങൾക്ക് മുമ്പ് തൃപ്പാറ ഭാഗത്ത് റോഡിന്റെ സൈഡ് കെട്ടാൻ യന്ത്രം ഉപയോഗിച്ച് മണ്ണെടുത്തപ്പോൾ പൊട്ടിയ പ്രധാന പൈപ്പ് ലൈനിലൂടെ ഇപ്പോഴും ജലവിതരണം പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ വള്ളിക്കോടിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളായ കൈപ്പട്ടൂർ, നരിയാപുരം, വെള്ളപ്പാറ,മൂന്നാംകലുങ്ക് പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ കുടിവെള്ളം കിട്ടാതെ ദുരിതത്തിലാണ്.
അധികൃതരുടെ അനാസ്ഥയെ തുടർന്ന് കുടിവെള്ളം ജനങ്ങൾക്ക് കിട്ടാക്കനിയാകുമ്പോഴും പരസ്പരം പഴിചാരി രക്ഷപെടാനാണ് ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ശ്രമിക്കുന്നത്. തങ്ങളെ അറിയിക്കാതെ പി.ഡബ്ളുയു.ഡി കരാറുകാർ അശാസ്ത്രീയമായി മണ്ണെടുക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്. കരാറുകാർ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ തൃപ്പാറയിലെ പൈപ്പുപൊട്ടൽ ഒഴിക്കാൻ കഴിയുമായിരുന്നെന്നും അവർ ചൂണ്ടിക്കാട്ടി.എന്നാൽ ജല അതോറിറ്റിയെ മുൻകൂട്ടി അറിയിച്ചിരുന്നെന്നും ദിവസങ്ങളോളം ഇവർ എത്താതിരുന്നതിനാലാണ് റോഡ് കുഴിച്ച് പണി തുടങ്ങിയതെന്നും കരാറുകാർ പറഞ്ഞു. ഇരു വകുപ്പുകയും തമ്മിലുള്ള ആശയവിനിമയം വേണ്ട രീതിയിൽ നടക്കാത്തത് മൂലം റോഡ് പണിക്കിടെ പൈപ്പ് പൊട്ടുന്നത് നിത്യസംഭവമാണ്. ഇതിന്റെ ദുരിതം അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരായ ജനങ്ങളുമാണ്.
നാട്ടുകാർ നിയമ നടപടിക്ക്
കടുത്ത വേനലിൽ കുടിവെള്ളം മുട്ടിക്കുന്ന ജല അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിനുമെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് നാട്ടുകാർ. തൃപ്പാറ ഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടുന്നതിനാണ് കരാറുകാരൻ റോഡ് കുഴിച്ചത്. ഇതിന്റെ നിർമ്മാണം കഴിഞ്ഞ് റോഡിന്റെ അലൈൻമെന്റ് നോക്കിയ ശേഷമെ പുതിയ പൈപ്പ് ലൈൻ ഇടാൻ കഴിയുള്ളെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ഇരു വകുപ്പുകളുടെയും നടപടികൾക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ ഉൾപ്പടെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.