1
ചേന്നം പള്ളിയിൽ കുടുംബശ്രീ അംഗങ്ങൾക്കായി നടത്തിയ ക്ലാസ് .

പള്ളിക്കൽ: അപകടങ്ങൾ ഒഴിവാക്കാൻ " ഗൃഹ സുരക്ഷ " പദ്ധതിയുമായി അഗ്നി രക്ഷാ വകുപ്പ്. അഗ്നിബാധ, ജലാശയഅപകടങ്ങൾ എന്നിവ നാട്ടിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ യൂണിറ്റുകൾ കേന്ദ്രീകരിച്ച് അപകടങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് അഗ്നിരക്ഷാ വകുപ്പ് കുടുംബശീ അംഗങ്ങൾക്കായി ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്യാസ് സിലിണ്ടർ അപകടം, അഗ്നിബാധ, വിവിധ അപകടങ്ങളിൽ നൽകേണ്ട പ്രഥമ ശ്രുശ്രൂഷ തുടങ്ങിയവയാണ് പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടൂർ താലൂക്കിൽ പദ്ധതിയുടെ ഉദ്ഘാടനം പള്ളിക്കൽ ചേന്നമ്പള്ളി കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്ക് ബോധവത്ക്കരണ പരിശീലനം നൽകി ഉദ്ഘാടനം ചെയ്തു. അഗ്നിരക്ഷാ വകുപ്പ് ജീവനക്കാരും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്നാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരും സിവിൽ ഡിഫൻസ് കോ-ഓർഡിനേറ്റർമാരുമായ സിയാദ്, രാജേഷ് എന്നിവരാണ് ബോധവത്ക്കരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. അടൂർ അഗ്നിരക്ഷാ നിലയം ജീവനക്കാരായ പ്രദീപ്, സനിഷ്, വിപിൻ എന്നിവരും സിവിൽ ഡിഫൻസ് ലീഡർ മീര ടി അബ്ദുള്ളയും ചേന്നംപള്ളിയിൽ ക്ലാസെടുത്തു. ഈ വർഷം ആഗസ്റ്റോടെ മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകുമെന്ന് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ അറിയിച്ചു.