 
ചെങ്ങന്നൂർ: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിലൂടെ വരുംതലമുറയ്ക്ക് പുതിയ ദിശാബോധം നൽകുവാൻ സാധിക്കുമെന്നും പാഠ്യപദ്ധതികളിൽ ആവശ്യമായ പരിഷ്കരണം വരുത്തി പുതിയ അക്കാദമിക വർഷം മുതൽ അവ നടപ്പിലാക്കുമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ചെങ്ങന്നൂർ ബി.ആർ.സി യുടെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ച് മുണ്ടൻകാവ് ഗവ. ജെ.ബി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂരിന്റെ വിദ്യാഭ്യാസപ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ജി.കൃഷ്ണകുമാറിനെ വി. ശിവൻകുട്ടി ആദരിച്ചു. ചെങ്ങന്നൂർ ബി.ആർ.സി യുടെ നേതൃത്വത്തിൽ മുഴുവൻ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും പങ്കാളികളാക്കിക്കൊണ്ട് സജ്ജീകരിക്കുന്ന മുണ്ടശേരി മാസ്റ്റർ റഫറൻസ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ മുണ്ടൻകാവ് ഗവ. ജെ ബി സ്കൂൾ പ്രഥമാദ്ധ്യാപിക ബെറ്റ്സി. എ. എസിൽ നിന്ന് മന്ത്രി ഏറ്റുവാങ്ങി.
യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി ബാലകൃഷ്ണൻ, നഗരസഭാ കൗൺസിലർ എസ്.സുധാമണി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സുരേന്ദ്രൻ പിള്ള, ബി.ആർ.സി ട്രെയിനർമാരായ പ്രവീൺ വി.നായർ, ബൈജു കെ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ വി.ഹരിഗോവിന്ദ്, പി.ടി.എ പ്രസിഡന്റ് അനു അനിൽ, വി.ജി അജീഷ്, വിനീത് വി.നായർ, ആർ.ബിജു, ബി.ജയകുമാർ എന്നിവർ സംസാരിച്ചു.ഭിന്നശേഷി വിഭാഗം കുട്ടികൾക്ക് വിദ്യാഭ്യാസ-ചികിത്സാ-താമസസൗകര്യങ്ങൾ ഉറപ്പാക്കിക്കൊണ്ട് ഓട്ടിസം സെന്റർ, വിദ്യാഭ്യാസ ഓഫീസുകൾക്കായി കെട്ടിടസമുച്ചയം, സ്കൂൾ കെട്ടിടങ്ങൾ തുടങ്ങി വിദ്യാഭ്യാസ മേഖലയിൽ അക്കാദമിക- ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് 4 വർഷം കൊണ്ട് 100 കോടിയിലേറെ രൂപയുടെ വികസനപ്രവർത്തനങ്ങളാണ് മന്ത്രി സജി ചെറിയാൻ നടപ്പാക്കിയിരിക്കുന്നത്.