k-rail-thankamma
അടുപ്പ് നീക്കം ചെയ്തശേഷം സ്ഥാപിച്ച കല്ല് വീടിന് സമീപം ഇരുന്ന് നോക്കുന്ന കൊഴുവല്ലൂർ കൊച്ചുമോടിയിൽ തങ്കമ്മ

ചെങ്ങന്നൂർ: മുളക്കുഴയിൽ കെ-റെയിൽ പദ്ധതിയുടെ സർവേയുടെ ഭാഗമായുള്ള കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ മുളക്കുഴ പഞ്ചായത്ത് 12-ാം വാർഡിലെ കൊഴുവല്ലൂർ സെന്റ് ജോർജ് പള്ളിയുടെ സ്ഥലത്ത് കല്ലിടാനെത്തിയ പൊലീസ് , ഉദ്യോഗസ്ഥ സംഘത്തെ വിശ്വാസികൾ തടഞ്ഞു. സംഘം എത്തിയപ്പോഴേക്കും വിശ്വാസികൾ പള്ളിയുടെ പ്രധാന ഗേറ്റ് പൂട്ടി കൂട്ടമണി മുഴക്കി. അപ്പോഴേക്കും കൂടുതൽ വിശ്വാസികളെത്തി. പ്രതിഷേധം ശക്തമായതോടെ സംഘം പിൻവാങ്ങി. കൊഴുവല്ലൂരിൽ മൂന്നര സെന്റുമാത്രമുളള ദരിദ്രകുടുംബമായ കൊച്ചുമോടിയിൽ തങ്കമ്മയുടെ വീട്ടിലെ അടുപ്പ് മാറ്റി അവിടെ കെ-റെയിലിന്റെ കല്ലിട്ടു. സമീപത്തെ ഒരു വീടിന്റെ ചായ്പ്പിനോടു ചേർന്നും കല്ല് കുഴിച്ചിട്ടു.

കല്ലിടാനായി കുഴിച്ച കുഴിയിൽ സോന ജെയിംസെന്ന യുവതി ചാടിയിറങ്ങി പ്രതിഷേധിച്ചു. കഴിഞ്ഞാഴ്ച സമരവുമായി ബന്ധപ്പെട്ടു പൊലീസ് അറസ്റ്റുചെയ്ത സിന്ധു ജെയിംസിന്റെ മകളാണ് സോന. പിന്തുണയുമായി നാട്ടുകാരും, കെ-റെയിൽ വിരുദ്ധ സമരസമിതിയും ചേർന്നു. തുടർന്ന് വനിതാ പൊലീസും സ്ത്രീകളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധിച്ചവരെ പൊലീസ് ഇവിടെ നിന്ന് മാറ്രി. വൻ പൊലീസ് സന്നാഹത്തിനു പുറമേ അഗ്നിരക്ഷാ സേനയും, ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളും ക്യാമ്പ് ചെയ്തിരുന്നു. ഇന്നലെ 31 കല്ലുകളാണ് മുളക്കുഴ മേഖലയിലിട്ടത്. കെ-റെയിൽ എന്നെഴുതിയ ഭാഗം ഒഴിവാക്കി തലകീഴായാണ് കല്ലുകൾ സ്ഥാപിച്ചത്. കെ-റെയിൽ എന്നെഴുതിയ കല്ലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു നേരത്തെ തർക്കമുണ്ടായിരുന്നു.വീടുകളിലടക്കം കല്ലിട്ടതോടെ നാട്ടുകാർ ഏറെ ആശങ്കയിലാണ്. ചൊവ്വാഴ്ച വഴിതടയൽ അടക്കമുള്ള സമര പരിപാടികൾ നടത്താൻ ആലോചനയുണ്ട്.

ഇൻസ്‌പെക്ടർക്ക് ഭീഷണി


കെ-റെയിൽ സമരവുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടികൾക്കു പിന്നാലെ ചെങ്ങന്നൂർ ഇൻസ്‌പെക്ടർ ജോസ് മാത്യുവിന് ഭീഷണിക്കത്ത്. ഞായറാഴ്ച ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലാണ് ഊമക്കത്ത് കിട്ടിയത്.

പ്രതിഷേധ യോഗം


മുളക്കുഴയിൽ കെ-റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേർന്നു. ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ്, ബി.ജെ.പി. ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, എസ്. സൗഭാഗ്യകുമാരി, മനോഹരൻ എന്നിവർ പ്രസംഗിച്ചു.