പന്തളം: നാലര ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെടുത്ത വിദ്യാഭ്യാസ വായ്പയിൽ റവന്യൂ റിക്കവറി നടത്തരുതെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

നാലു ലക്ഷം രൂപ വരെ ഈടില്ലാതെ ഉപരിപഠനത്തിനായി വായ്പ നൽകുന്നതാണ് പദ്ധതി. എന്നാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ എടുത്തതിനു ശേഷം ബാങ്കുകളെ സമീപിക്കുമ്പോൾ ഈട് നല്കിയാലേ വായ്പ നൽകു. ഫീസിന് ആവശ്യമായ മുഴുവൻ തുകയും നൽകാതെ കുട്ടികളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു. ഇതു പദ്ധതിക്ക് വിരുദ്ധമാണ്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കേന്ദ്ര സർക്കാർ റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പഠനം പൂർത്തിയാക്കി ജോലി ലഭിച്ചതിനു ശേഷമേ ഇവർക്കു വായ്പാ തിരിച്ചടവു സാധിക്കു. ജോലി ലഭിക്കാത്തതിനാലും, ലഭിച്ചാൽത്തന്നെ മതിയായ ശമ്പളം ലഭിക്കാത്തതു കൊണ്ടും തിരിച്ചടവു മുടങ്ങുന്നവർക്കെതിരെ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുകയാണ്. ഇതു മൂലം നിരവധി കുട്ടികളും രക്ഷാകർത്താക്കളുമാണ് ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

കേരള ജനപക്ഷം സെക്യുലർ ജില്ലാ പ്രസിഡന്റ് ഇ.ഒ. ജോൺ, യുവജന പക്ഷം സംസ്ഥാന വൈസ് പ്രസിഡന്റ് എബി മലഞ്ചെരുവിൽ, ജിന്നി റെയ്ച്ചൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.