കോഴഞ്ചേരി : പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കോഴഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ ചെറിയാൻ ജോർജ്ജ് തമ്പു അദ്ധ്യക്ഷനായി. പഞ്ചായത്തിലെ പല വാർഡുകളിലും നിരന്തരം കുടിവെള്ളം ലഭിക്കുന്നില്ല. ഇതുമൂലം ജനങ്ങൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും ഇതിനുള്ള തുക വിനിയോഗിക്കാമെന്നിരിക്കെ അതിന് തയാറാകാതെ യു.ഡി.എഫ് ഭരണ സമിതി തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്നും അടിയന്തരമായി കുടിവെള്ള ക്ഷാമം പരിഹരിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികൾ എൽ.ഡി.എഫ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ലോക്കൽ സെക്രട്ടറി എം.കെ.വിജയൻ, ഏരിയാകമ്മിറ്റിയംഗം ബിജിലി പി.ഈശോ, ജനതാദൾ നിയോജകമണ്ഡലം പ്രസിഡന്റ് ബിജോ പി.മാത്യു, കേരള വനിത കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ലത ചെറിയാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, പഞ്ചായത്തംഗങ്ങളായ സോണി കൊച്ചുതുണ്ടിയിൽ, മേരികുട്ടി എന്നിവർ പ്രസംഗിച്ചു.