റാന്നി : ഉന്നത നിലവാരത്തിൽ പണികഴിപ്പിച്ച റാന്നി - അത്തിക്കയം പെരുനാട് റോഡ് കുത്തിപ്പൊളിച്ചു വാട്ടർ അതോറിറ്റി. പെരുനാട് അത്തിക്കയം ജലവിതരണ പൈപ്പു ലൈൻ സ്ഥാപിക്കുന്നതിനുവേണ്ടിയാണ് റോഡ് കുത്തിപ്പൊളിച്ചത്. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ശബരിമല പാതയുടെ വികസനത്തിന്റെ ഭാഗമായി ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തിയിരുന്ന റോഡിനാണ് ഈ ദുർഗതി. പാതയുടെ നിർമ്മാണത്തിന് മുമ്പ് ഒരു വശത്തുകൂടിയുള്ള പൈപ്പു കുഴിയെടുത്തു സ്ഥാപിച്ചിരുന്നു. എന്നാൽ രണ്ടു ദിവസം മുമ്പാണ് മറുവശത്തുകൂടി പൈപ്പ് സ്ഥാപിക്കാൻ തുടങ്ങിയത്. അത്തിക്കയം അറയ്ക്ക്മൺ ജംഗ്ഷനിൽ റോഡ് കുഴിക്കാനായി ബ്രേക്കർ ഉപയോഗിക്കുന്നതിൽ നാട്ടുകാരും പൊതു പ്രവർത്തകരും പി.ഡബ്ലിയു.ഡി അധികൃതരെയും എം.എൽ.എയും പരാതി അറിയിച്ചു. തുടർന്ന് പൊതുമരാമത്തു എൻജിനിയർ സ്ഥലത്തെത്തി പരിശോധിച്ച ശേഷം ഉച്ചവരെ പണികൾ നിറുത്തി വച്ചു. പിന്നീട് വാട്ടർ അതോറിറ്റി, പൊതുമരാമത്തു എൻജിനിയർമാർ തമ്മിൽ ചർച്ച നടത്തിയതിനു ശേഷമാണ് പണികൾ ആരംഭിച്ചത്. പൊതുമരാമത്തു അനുമതിയോടെയാണ് പണികൾ ആരംഭിച്ചതെങ്കിലും പണി ചെയ്തതിലെ അപാകതയാണ് നാട്ടുകാർ ചൂണ്ടിക്കാട്ടിയത്.
പൂർവ സ്ഥിതിയിലാക്കുമെന്ന് അധികൃതർ
കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളിൽ വെള്ളമെത്തിക്കാനായി നടക്കുന്ന പദ്ധതി എത്രയും വേഗം നടപ്പിലാക്കുന്നതോടൊപ്പം സഞ്ചാര പാതകൾ വെട്ടിപ്പൊളിച്ചു കുഴികൾ മൂടി പോകുന്ന പതിവ് രീതിയോടാണ് ജനങ്ങൾക്ക് അമർഷം. പൈപ്പു സ്ഥാപിച്ചു കഴിഞ്ഞാൽ അധികം വൈകാതെ റോഡ് പൂർവ സ്ഥിതിയിലാക്കുമെന്നു ഉറപ്പ് നൽകിയതോടെ പ്രധിഷേധം കെട്ടടങ്ങിയത്.