കോന്നി: വേനൽ രൂക്ഷമായതിനെ തുടർന്ന് കോന്നി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കുടിവെള്ള പ്രശ്നം രൂക്ഷമായിട്ടും എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ രണ്ട് അവലോകന യോഗങ്ങൾ കൂടിയിട്ടും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപടികൾ ആയിട്ടില്ലെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. മുൻപ് സർക്കാർ അനുമതിയോടു കൂടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ളം എല്ലാ പ്രദേശങ്ങളിലും എത്തിച്ചു കൊടുത്തിരുന്നു.എന്നാൽ പഞ്ചായത്ത്‌ കമ്മിറ്റി ഐക്യകണ്ഠെന എടുത്ത തീരുമാന പ്രകാരം നിലവിൽ മൂന്ന് തവണ പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിന് നിവേദനം നൽകിയെങ്കിലും ഇതുവരെ അനുമതി നൽകാതെ അലംഭാവം കാണിക്കുന്നതായും,വേനൽ കാലത്ത്‌ രൂക്ഷമായിരിക്കുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുവാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് കുടിവെള്ളം എത്തിക്കുവാനുള്ള അനുമതി നൽകണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാരിന്റെയും അധികൃതരുടെയും ഭാഗത്തു നിന്ന് അലംഭാവം ഉണ്ടായാൽ സമരപരിപാടികൾ തുടങ്ങുമെന്ന് മണ്ഡലം പ്രസിഡന്റ്.റോജി ഏബ്രഹാം അറിയിച്ചു.