 
കോഴഞ്ചേരി : ഗതാഗതത്തിന് തടസമായി റോഡരികിൽ വൈദ്യുതി പോസ്റ്രുകൾ സൂക്ഷിച്ചിരിക്കുന്നത് അപകട ഭീക്ഷണി ഉയർത്തുന്നു. ടി.കെ റോഡിൽ പുല്ലാട് മുതൽ കോഴഞ്ചേരി വരെയുള്ള ഭാഗത്താണ് കെ.എസ്.ഇ.ബി 33 കെ.വി നിർമ്മാണത്തിനായി വലിയ ഇരുമ്പ് വൈദ്യുത പോസ്റ്റുകൾ റോഡിനിരുവശവും ഇറക്കിയിരിക്കുന്നത്. ഈ റൂട്ടിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന മേഖലകൂടിയാണിത്.
കഴിഞ്ഞ ദിവസം രണ്ടുവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടു.
കോഴഞ്ചേരിയിൽ നിന്ന് കുമ്പനാട് റൂട്ടിലേക്കുള്ള 33 കെ.വി ലൈൻ സ്ഥാപിക്കാനുള്ള പോസ്റ്റുകളാണ് ഇവിടെ ഇറക്കിയിരിക്കുന്നത്. അതിന്റെ ജോലികൾ നടന്നുവരികയാണ്. കോഴഞ്ചേരി, കുമ്പനാട് പരിധിയിലാണ് നിർമ്മാണം നടക്കുന്നത്. ഇനി ഒരു മാസം കൂടി കഴിഞ്ഞാലെ ഇത് എടുത്ത് മാറ്റാൻ കഴിയു എന്നാണ് അധികൃതർ പറയുന്നത്.