മല്ലപ്പള്ളി : കൊറ്റനാട് പഞ്ചായത്തിൽ ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ടാങ്കറിൽ അടിയന്തരമായി ജലവിതരണം ആരംഭിക്കണമെന്ന് മുസ്ലിം ലീഗ് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. പലയിടങ്ങളിലെ കിണറുകൾ വറ്റി അടിയന്തരമായി പൈപ്പ് കണക്ഷൻ സ്ഥാപിച്ച് ജലക്ഷാമം പരിഹരിക്കണമെന്നും റാന്നി അങ്ങാടി പഞ്ചായത്തും കൊറ്റനാട് പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന കുടിവെള്ള പദ്ധതി സ്ഥലമെടുപ്പിലും ഉദ്ഘാടനത്തിലും മാത്രമായി മാറിയിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. പഞ്ചായത്തിന്റെ പലയിടങ്ങളിലും ജനങ്ങൾ ശുദ്ധജലത്തിനായി നെട്ടോട്ടം ഓടുകയാണ്. മറ്റ് ഇതര പഞ്ചായത്തുകളിൽ പൈപ്പ് കണക്ഷൻ നടപ്പിലാക്കിയിട്ടും പഞ്ചായത്ത് ഭരണസമിതിയും അധികാരികളും മൗനം പാലിക്കുന്നത് അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്പുറത്ത് യോഗം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മേഖല പ്രസിഡന്റ് വിജയൻ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം മുഹമ്മദ് സലിം, സജ്ജാദ് ഖാൻ , കെ കെ കൊച്ചുരാമൻ, സിറാഫത്ത്, ഫാസിൽ എന്നിവർ സംസാരിച്ചു.