പ്രമാടം : വികസനം നടക്കുന്ന പൂങ്കാവ് -പത്തനംതിട്ട റോഡിൽ ടാറിംഗ് വൈകുന്നതോടെ പ്രമാടത്ത് പൊടിശല്യം രൂക്ഷമാകുന്നു. രണ്ട് ആഴ്ച മുമ്പ് ടാറിംഗ് നടത്തുമെന്ന് അധികൃതർ നാട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും ഇതിന് ആവശ്യമായ യന്ത്രങ്ങൾപോലും ഇതുവരെ എത്തിച്ചിട്ടില്ല. വെള്ളക്കെട്ടിനെ
അതിജീവിക്കുന്ന രീതിയിൽ ഉന്നത നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നതെങ്കിലും പൊടിയഭിഷേകം നാട്ടുകാർക്ക് ഇരട്ടി ദുരിതമാണ് സമ്മാനിക്കുന്നത്. ചെറിയ വാഹനങ്ങൾ കടന്നുപോയാൽ പോലും പ്രദേശമാകെ പൊടി പരക്കും. റോഡിന് സമീപത്തെ വീടുകളും സ്ഥാപനങ്ങളും പൊടിയിൽ മുങ്ങിക്കുളിച്ച നിലയിലാണ്. അസഹ്യമായ പൊടിശല്യം മൂലം പ്രദേശവാസികളിൽ ചുമ, തുമ്മൽ, പനി തുടങ്ങിയ രോഗങ്ങൾ വ്യാപകമായിട്ടുണ്ട്. കൊച്ചുകുട്ടികൾ ഉൾപ്പെടെ നിരവധി തവണ ആശുപത്രികളിൽ ചികത്സ തേടി കഴിഞ്ഞു. രണ്ട് സ്കൂളുകളും അങ്കണവാടികളും റോഡിന് സമീപം പ്രവർത്തിക്കുന്നുണ്ട്. പൊടിശല്യം കാരണം കുട്ടികൾ അസ്വസ്ഥരാണെന്നും പനിയും ചുമയും വർദ്ധിച്ചതിനാൽ ഹാജർനിലയിൽ കുറവുണ്ടെന്നും അദ്ധ്യാപകർ പറഞ്ഞു. അങ്കണവാടികളിൽ ഭൂരിഭാഗം രക്ഷിതാക്കളും ഇപ്പോൾ കുട്ടികളെ അയയ്ക്കുന്നില്ല. മണ്ണിന് മുകളിൽ പാകിയ മെറ്റിലുകൾ ഇളകി കിടക്കുന്നത് അപകടങ്ങൾക്കും കരാണമായിട്ടുണ്ട്. ഇരുചക്ര , മുച്ചക്ര വാഹനങ്ങൾ മെറ്റലിൽ തെന്നി അപകടത്തിൽപ്പെടുന്നത് പതിവാണ്. വാഹനങ്ങളുടെ ടയറുകൾക്കടിയിൽപ്പെടുന്ന മെറ്റലുകൾ തെറിച്ചു കെട്ടിടങ്ങളുടെ ജനൽ ഗ്ളാസുകൾ തകരുന്നതും കാൽനട യാത്രക്കാർ ഉൾപ്പടെയുള്ളവർക്ക് പരിക്കേൽക്കുന്നതും തുടർക്കഥയായിട്ടുണ്ട്. ശരിയായ രീതിയിൽ വെള്ളം ഒഴിക്കാത്തതും മെറ്റലുകൾ ഉറപ്പിക്കാത്തതുമാണ് പ്രതിസന്ധികൾക്ക് കാരണം. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ചില സമയങ്ങളിൽ കാരാറുകാർ ടാങ്കറുകളിൽ വെള്ളം എത്തിച്ച് സ്പ്രേ ചെയ്ത് പോകാറുണ്ടെങ്കിലും പൊടിശല്യത്തിന് ശമനം ഉണ്ടാകാറില്ല. കത്തുന ചൂടിനൊപ്പം പൊടിശല്യവും അനുബന്ധ രോഗങ്ങളും വർദ്ധിച്ചതോടെ നാട്ടുകാർ പ്രതിഷേധത്തിലാണ്.
അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ച് എത്രയും വേഗം ടാറിംഗ് നടത്തണം. അല്ലാത്തപക്ഷം ആക്ഷൻ കൗൺസിൽ രൂപീകരിച്ച് എം.എൽ.എ ഓഫീസിനും പൊതുമരാമത്ത് വകുപ്പ് ഓഫീസിനും മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങും.
(നാട്ടുകാർ)