തിരുവല്ല: ജില്ലയിൽ വാഹനപ്പെരുപ്പം കൂടുതലുള്ള തിരുവല്ല താലൂക്കിൽ ജോയിന്റ് ആർ.ടി.ഒ ഇല്ലാതായിട്ട് നാലുമാസമായി. മോട്ടോർ വാഹന വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ഇരട്ടിപ്പണിയായി. ശിക്ഷാ നടപടിയുടെ ഭാഗമായി നാലുമാസം മുമ്പ് തിരുവല്ല ജോയിന്റ് ആർ.ടി.ഒയെ മാറ്റിയിരുന്നു. ഇതേതുടർന്ന് പുതിയ ജോയിന്റ് ആർ.ടി.ഒ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുവരെ നിയമനം നടന്നിട്ടില്ല. ഇതുകാരണം നിലവിലുള്ള ഉദ്യോഗസ്ഥർക്ക് രാപകൽ പിടിപ്പത് ജോലിയാണ്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി മുടങ്ങിക്കിടന്നിരുന്ന ജോലികളൊക്കെ തുടങ്ങിയതിനാൽ നിലവിലെ ജോലികൾക്ക് പുറമെ ഈ ജോലികളും ചെയ്തു തീർക്കേണ്ട സ്ഥിതിയാണ്.വാഹനങ്ങൾക്ക് സർക്കാർ നൽകിയ ഇളവുകൾ പുനഃസ്ഥാപിച്ചതോടെ രജിസ്‌ട്രേഷൻ സംബന്ധമായ ജോലികളും കൂടിയിട്ടുണ്ട്. ലൈസൻസ് പുതുക്കൽ ജോലികളാണ് കൂടുതൽ കാലതാമസം ഉണ്ടാകുന്നത്.
ൊ
പൊല്ലാപ്പായത് മറ്റു ജോലിക്കാർക്ക്
നിലവിലുള്ള രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരിൽ ഒരാൾക്കാണ് ഓഫീസിന്റെ ചുമതല നൽകിയിരിക്കുന്നത്. പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസ്, 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ പരിശോധന, പരിശീലനം ഉൾപ്പെടെയുള്ള ജോലികൾക്ക് നേതൃത്വം നൽകേണ്ട ജോയിന്റ് ആർ.ടി.ഒ ഇല്ലാതായതോടെ മറ്റുള്ള ജോലിക്കാർക്കാണ് ജോലിഭാരം കൂടിയത്. വിവിധ ആവശ്യങ്ങൾക്കായി ഓഫീസിൽ എത്തുന്നവരുടെ തിരക്ക് കുറയ്ക്കാൻ അതാത് ദിവസം തന്നെ ജോലികൾ തീർക്കേണ്ടതിനാൽ മിക്കപ്പോഴും രാത്രി വൈകിയാണ് ജോലികൾ തീർത്ത് ഉദ്യോഗസ്ഥർ മടങ്ങുന്നത്. എങ്കിലും പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ പൊതുജനങ്ങൾ അനുഭവിക്കേണ്ടിവരുന്നു. പുതിയ ജോയിന്റ് ആർ.ടി.ഒ യെ ഉടനെ സർക്കാർ നീയമിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
- ഉദ്യോഗസ്ഥർ മടങ്ങുന്നത് രാത്രി വൈകി