 
പത്തനംതിട്ട : സ്ത്രീധനവും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും ചോദ്യംചെയ്ത് കുടുംബശ്രീയുടെ സ്ത്രീശക്തി കലാജാഥ മുന്നേറുന്നു. സ്ത്രീപക്ഷ നവകേരളം സൃഷ്ടിക്കുക എന്ന സന്ദേശം പകർന്ന് കുടുംബശ്രീ സംഘടിപ്പിക്കുന്ന കലാജാഥയാണ് ജില്ലയിൽ പര്യടനം നടത്തുന്നത്. മാർച്ച് 9 മുതൽ 19 വരെ ജില്ലയിലെ 40 കേന്ദ്രങ്ങളിൽ കലാജാഥ പര്യടനം നടത്തും. കുടുംബശ്രീ നവജ്യോതി രംഗശ്രീ ടീം അവതരിപ്പിക്കുന്ന നാടകവും സംഗീതശില്പവും അരങ്ങേറുന്നു.
സ്ത്രീധനം, സ്ത്രീപീഡനം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് മൂന്ന് നാടകവും രണ്ട് സംഗീത ശിൽപ്പവുംരൂപകൽപന ചെയ്തത്. കരിവെള്ളൂർ മുരളി രചിച്ച പാടുക ജീവിതഗാഥകൾ എന്ന സംഗീത ശിൽപ്പത്തോടെയാണ് കലാവിരുന്നിന് തുടക്കം. മകളെ പീഡിപ്പിക്കുന്ന ഭർത്താവിനെ കൊന്ന് ജയിലിൽ പോകേണ്ടി വന്ന സുമതി അരങ്ങിൽ ജീവിക്കുകയാണ്.
ശ്രീജ ആറങ്ങോട്ടുകര രചിച്ച് സുധി ദേവയാനി സംവിധാനം ചെയ്ത അത് ഞാൻ തന്നെയാണ് എന്ന നാടകത്തിൽ മൂന്നു മൃതദേഹങ്ങളിലൂടെ ഭൂതകാലത്തിലേക്ക് സഞ്ചരിക്കുകയാണ്.
കുടുംബശ്രീ തിയേറ്റർ ഗ്രൂപ്പിലെ ഉഷ തോമസ്, ഷെർളി ഷൈജു, അംബിക അനിൽ, ടി.പി.ഹേമലത സുധ സുരേന്ദ്രൻ, കെ.എൻ.സുജ, ആർ.രുഷ്മിത, ആർ.അമ്മുപ്രിയ, എ.ഡി.പൊന്നമ്മ, ഗീതാറെജി, വൽസല പ്രസന്നൻ, എം.ജെ.ഏലിക്കുട്ടി എന്നിവരാണ് കലാജാഥയിലെ അംഗങ്ങൾ. ഉഷാതോമസ് ജാഥാ ക്യാപ്റ്റനും പി.ആർ. അനുപ ജാഥ കോഓർഡിനേറ്ററും, ആർ.രേഷ്മ, ട്രീസ എം. ജയിസ് എന്നിവർ ജാഥാ മാനേജർമാരുമാണ്. 19ന് വൈകിട്ട് 4.30ന് കുന്നന്താനത്ത് സമാപിക്കും.