റാന്നി: റാന്നിയിൽ ആരംഭിക്കുന്ന കാർഷികവിളകളുടെ മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് ഉടൻ നാടിനു സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി അറിയിച്ചു. ഏത്തക്കായ, മരച്ചീനി , പച്ചക്കറികൾ, പൈനാപ്പിൾ തുടങ്ങി വിവിധ കാർഷിക ഉൽപ്പന്നങ്ങളാണ് ഇവിടെ സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നത്. വാക്വം ട്രെയിൻ എന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചിപ്സ് തയ്യാറാക്കുന്നത്. ഏത്തക്കപ്പൊടിയും ഇവിടെ ഉൽപ്പാദിപ്പിക്കും.
മൂന്ന് ഘട്ടങ്ങളായി നിർമ്മിക്കുന്ന ഉൽപാദന യൂണിറ്റിന് 14 കോടി രൂപയുടെ പ്രോജക്ട് റിപ്പോർട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. റാന്നി ബ്ലോക്ക് പഞ്ചായത്ത് നൽകിയ 31 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നാം ഘട്ടം പൂർത്തീകരിക്കുന്നത്. കാർഷിക വിളകൾക്ക് നേരിടുന്ന വില തകർച്ചയെ അതിജീവിച്ച് കർഷകർക്ക് മികച്ച വില ലഭ്യമാക്കുകയാണ് ലക്ഷ്യം. ബ്ലോക്ക് ലെവൽ റേറ്റഡ് ഓർഗനൈസേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. താലൂക്ക് ആശുപത്രിക്ക് സമീപം വിപണിയുടെ പ്രവർത്തനം ഇപ്പോൾ ഡി.എൽ.എഫിന്റെ നേതൃത്വത്തിലാണ് നടന്നുവരുന്നത്.