 
റാന്നി: തോട് കെട്ടിയടച്ച് സ്വകാര്യ ഭൂമിയിലേക്ക് വഴിയുണ്ടാക്കി മലയിടിച്ച് കടത്താൻ ശ്രമമെന്ന് പരാതി. ഇന്നലെ സ്ഥലത്തെത്തിയ റാന്നി തഹസിൽദാർ തോട് പൂർവസ്ഥിതിയിലാക്കാൻ നിർദ്ദേശം നൽകി. വൈകിട്ടോടെ തോട് പൂർവ സ്ഥിതിയിലാക്കി. വെച്ചൂച്ചിറ നവോദയയ്ക്കു സമീപമാണ് നീരൊഴുക്കു തോട് മണ്ണിട്ടു മൂടി സ്വകാര്യ വസ്തുവിലേക്ക് വഴി വെട്ടിയത്. മണ്ണുകടത്താനായി നവോദയപെരുന്തേനരുവി റോഡരികിലെ താന്നിയ്ക്കാപുഴ തോടാണ് മണ്ണിട്ടുമൂടി മറുകരയിലേയ്ക്ക് വഴിയുണ്ടാക്കിയത്. വലിയ പൈപ്പ് തോട്ടിലിട്ട ശേഷമേ വാഹനം മറുകരയിലേക്ക് കയറ്റൂവെന്ന് നാട്ടുകാർക്കു നൽകിയ ഉറപ്പു ലംഘിച്ചാണ് മണ്ണിട്ടത്. ഗുണനിലവാരമില്ലാത്ത പൈപ്പുകളാണ് ഇതിനായി എത്തിച്ചത്. ടോറസ് അടക്കമുള്ള ലോറികൾ ഇതിനു മുകളിലൂടെ കടക്കുമ്പോൾ പൈപ്പ് തകരാൻ സാദ്ധ്യതയുണ്ടെന്ന് കണ്ടാണ് മണ്ണിട്ടു മൂടിയതെന്നാണ് ഇവരുടെ വാദം. മണ്ണിട്ടതുമൂലം, തോട്ടിൽ ജലനിരപ്പുയർന്നാൽ വെള്ളം റോഡിലൂടെ ഒഴുകി ഉന്നത നിലവാരത്തിൽ നിർമ്മിച്ച റോഡ് തകരാൻ ഇടയുണ്ടായിരുന്നു.