pootham-kunnu
കൊഴുവല്ലൂർ പൂതംകുന്ന് കോളനിയിൽ അടയാളക്കല്ല് സ്ഥാപിക്കാനെത്തിയ പൊലീസ്- ഉദ്യോഗസ്ഥ സംഘത്തെ തീകത്തിച്ച് വഴിയിൽ തടയുന്ന കോളനിവാസികൾ

റോഡിൽ തീയിട്ട് ഉദ്യോഗസ്ഥരെ തടഞ്ഞു

ചെങ്ങന്നൂർ: കെ-റെയിൽ അടയാളക്കല്ല് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം തുടരുന്നു.സ്ത്രീകളും കുട്ടികളും ഉൾപ്പടെയാണ് സമരത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം മുളക്കുഴ കൊഴുവല്ലൂരിൽ കല്ലിടലിനെതിരെ നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചു. പുതക്കുന്ന് കോളനിക്ക് സമീപം സ്ഥാപിച്ച കല്ലുകൾ പിഴുതെറിഞ്ഞു. പ്രദേശത്ത് 75 കുടുംബങ്ങളാണ് താമസിക്കുന്നത്. മന്ത്രി സജി ചെറിയാന്റെ വീടിന് സമീപമുള്ള ഭാഗങ്ങളിലാണ് കല്ലിടൽ നടന്നത്. കോളനിയിലേക്ക് കടക്കുന്നതിൽ നിന്ന് കെ-റെയിൽ ഉദ്യോഗസ്ഥരെയും പൊലീസിനെയും സ്ത്രീകളടക്കമുള്ളവർ പ്രതിരോധിച്ചു. നാട്ടുകാർ വഴിയിൽ ടയർ കത്തിച്ച് പ്രതിഷേധിച്ചതോടെ കല്ലിടൽ മുടങ്ങി.അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. തെങ്ങിൽപടിയിൽ വഴിതടഞ്ഞു പ്രതിഷേധിച്ചു. പിന്നീട് കോളനിക്കു മുകൾ ഭാഗത്തു മാത്രമാണ് കല്ലിട്ടത്. മന്ത്രി സ്ഥലത്തെത്താതെ കോളനിയിലേക്ക് ആരെയും കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികൾ. മൂന്നു സെന്റ് മാത്രമുള്ള പലരും വീട് നഷ്ടപ്പെടുമെന്ന ആശങ്ക ഉദ്യോഗസ്ഥരോട് പങ്കുവെച്ചു. പൊതുനിരത്തിൽ ടയർ കത്തിച്ചതിന് നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. പിന്തുണയുമായി സമരസമിതിക്കു പുറമേ എസ്.യു.സി.ഐ., ബി.ജെ.പി., കോൺഗ്രസ് പ്രവർത്തകരുമെത്തിയിരുന്നു.