ഓമല്ലൂർ: ചരിത്രപ്രസിദ്ധമായ ഓമല്ലൂർ വയൽ വാണിഭത്തിന് വർണശബളമായ ഘോഷയാത്രയോടെ തുടക്കം. ഇന്നലെ രാവിലെ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അദ്ധ്യക്ഷത വഹിച്ചു. വാർഷിക സമ്മേളനത്തിൽ നൂറുകണക്കിന് കർഷകർ പങ്കെടുത്തു. വൈകിട്ട് മിനിസ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച വർണാഭമായ സാംസ്‌കാരിക ഘോഷയാത്രയിൽ കുടുംബശ്രീ പ്രവർത്തകരടക്കം പങ്കെടുത്തു. തൃശൂരിൽ നിന്ന് എത്തിയ കലാകാരന്മാരുടെ പുലികളി പ്രത്യേക അനുഭവമായി. ഘോഷയാത്ര മാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു. സാംസ്‌കാരിക സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഒരു മാസം നീണ്ടു നിൽക്കുന്ന മേളയ്ക്കാണ് ഇന്നലെ തുടക്കമായത്. ആദ്യ ആഴ്ചകളിൽ കാർഷിക വിഭവങ്ങളുടെ കച്ചവടമാണ് പ്രധാനമായും നടക്കുക. കാച്ചിലിന് 60 രൂപയും ചേനയ്ക്ക് 40 രൂപയുമാണ് ഒരു കിലോയുടെ ഇപ്പോഴത്തെ വില. മറ്റു കിഴങ്ങുവർഗങ്ങളും ന്യായമായ വിലയ്ക്ക് ലഭിക്കുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. മറ്റ് ജില്ലകളിൽ നിന്ന് നിരവധിയാളുകൾ കാർഷിക വിഭവങ്ങൾ തേടി ഓമല്ലൂരിൽ എത്താറുണ്ട്.