
കോന്നി : മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ കാൽനൂറ്റാണ്ടിന് ശേഷം വീണ്ടും പറകൊട്ടിപ്പാട്ട് മുഴങ്ങി. പെരുനാട് മാടമൺ വേലംപറമ്പിൽ ഉത്തമനാണ് ഉത്സവനാളിൽ പറകൊട്ടി പാടുന്നത്. കഴിഞ്ഞവർഷം ക്ഷേത്രത്തിൽ നടത്തിയ ദേവപ്രശ്നത്തെ തുടർന്നാണ് മുടങ്ങി പോയ പറകൊട്ടിപ്പാട്ട് വീണ്ടും പുനരാരംഭിച്ചത്. ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ആൽമരച്ചുവട്ടിൽ പറയുടെ ഇടംതലയിലും വലംതലയിലും വേലന്റെ കൈപ്പെരുക്കം മുഴങ്ങിയപ്പോൾ ഭക്തർക്കും സുകൃതാനുഭവമായി. ശനിദോഷവും നാഗശാപവും കണ്ണേറുമകറ്റുവാനുള്ള കൊട്ടിപ്പാടിസേവയാണ് പറകൊട്ടിപ്പാട്ട്. വേലന്റെ വേഷമണിഞ്ഞു പാർവ്വതിപരമശിവന്മാർ ചേർന്ന് പാടിയതാണിതെന്ന് ഐതിഹ്യങ്ങൾ പറയുന്നു. ശനിദോഷം തീർക്കുവാനുള്ള ഊരാണ്മ അവകാശമായി വേലൻ സമുദായംഗങ്ങൾ പാട്ട് നടത്തിവരുന്നു. മലയാലപ്പുഴയിൽ പതിനൊന്നുനാൾ നീണ്ടുനിൽക്കുന്ന ഉത്‌സവത്തിന്റെ ഭാഗമായി എത്തുന്ന ഭക്തജനങ്ങൾ പറകൊട്ടി പാടിക്കുന്നുണ്ട്. പാണച്ചെടിയുടെ ഇല കൊണ്ട് ഭക്തന്റെ കേശാദിപാദം ഉഴിഞ്ഞാണ് കണ്ണുദോഷം മാറാൻ പറകൊട്ടി പാടുന്നത്. ഇതിന് ഭക്തർ ഇഷ്ടത്തോടെ നൽകുന്ന ദക്ഷിണയാണ് സ്വീകരിക്കുക. ആട്ടിൻതോൽ, ചുടലി, ചൂരൽ എന്നിവയുപയോഗിച്ചാണ് വാദ്യോപകരണമായ പറ തയ്യാറാക്കുന്നത്. ചെത്തി, തുളസി, ചെമ്പകം, ചെമ്പരത്തി, അശോകം, മുല്ല എന്നിവയുടെ കമ്പുകളാണ് പറകൊട്ടാൻ ഉപയോഗിക്കുക. 20 മിനിട്ടുള്ള കേശാദിപാദം പാട്ട് പൂർത്തിയാകുമ്പോൾ ഭക്തനെ ഭസ്മംതൊട്ട് അനുഗ്രഹിക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും. വർഷങ്ങളായി ശബരിമല മാളികപ്പുറത്തും ഉത്തമൻ പറകൊട്ടിപ്പാടുന്നുണ്ട്.
മാടമൺ, ആറന്മുള, തിരുവൻവണ്ടൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മദ്ധ്യതിരുവിതാംകൂറിലെ പ്രധാന പറകൊട്ടി പാട്ടുകാർ.