പത്തനംതിട്ട: സർഗാത്മക വാസനകളെ പരിപോഷിപ്പിക്കുന്നതിനും കലാകായിക രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനുമായി എസ്.എൻ.ഡി.പി.യോഗം വനിതാസംഘം,യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതികളുടെ നേതൃത്വത്തിൽ മേയിൽ സംസ്ഥാന തലത്തിൽ കലോത്സവം നടത്തുന്നു. ഇതിന്റെ ഭാഗമായി ഏപ്രിൽ അവസാനം പത്തനംതിട്ട യുണിയൻ തലത്തിൽ കലാ-കായിക മത്സരങ്ങൾ നടത്താൻ വനിതാസംഘം യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീലാശശി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ, സെക്രട്ടറി ഡി. അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി റ്റി.പി സുന്ദരേശൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി. എൻ. വിക്രമൻ, യൂണിയൻ കൗൺസിൽ അംഗം പി.കെ.പ്രസന്നകുമാർ,മൈക്രോ ഫിനാൻസ് കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്‌, വനിതാസംഘം യുണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ ,വൈസ് പ്രസിഡന്റ് ദിവ്യ.എസ്. എസ് , ട്രഷറർ അഡ്വ.രജിത ഹരി, പുഷ്പാ ഷാജി, അജിതാരതീപ്, സ്മിതാമനോഷ്, ഗീതാ സദാശിവൻ, സരോജിനി സത്യൻ എന്നിവർ പങ്കെടുത്തു. ശാഖാതലത്തിൽ കലാ-കായിക മത്സരങ്ങൾ നടത്തി വിജയികളുടെ ലിസ്റ്റ് ഏപ്രിൽ 10ന് മുൻപ് വനിതാസംഘം യൂണിയൻ സെക്രട്ടറിക്ക് നൽകണം. സബ് ജൂനിയർ , ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. പ്രസംഗം, ആലാപനം, വ്യാഖ്യാനം, ഉപന്യാസം, ചിത്രരചന, നൃത്താവിഷ്കാരം, ക്വിസ്, ലെമൺ സ്‌പൂൺ റേസ് , കസേരകളി എന്നിവയിലും യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ക്രിക്കറ്റ്, വടംവലി, കബഡി, വോളിബാൾ, ബാഡ്മിന്റൺ, സൈക്കിൾ റേസ് എന്നിവയിൽ വനിത, പുരുഷ വിഭാഗങ്ങൾക്കായും പ്രത്യേക മത്സരങ്ങൾ നടത്തും. 6 വയസു മുതൽ 12 വയസു വരെയുള്ളവരെ സബ് ജൂനിയർ, 12 വയസു മുതൽ 18 വയസു വരെയുള്ളവരെ ജൂനിയർ വിഭാഗമായും 18 വയസു മുതൽ 35 വയസുവരെയുള്ളവരെ സീനിയർ വിഭാഗമായും, 35 വയസിനു മുകളിലുള്ളവരെ സൂപ്പർ സീനിയർ വിഭാഗമായും തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ശാഖാ തലത്തിൽ ഒന്നാമതായി വിജയിച്ചവർക്ക് യുണിയൻ തലത്തിലും യുണിയനിൽ ഒന്നാമതായി എത്തിയവർക്ക് ജില്ലാതലത്തിലും, ജില്ലാ തലത്തിൽ ഒന്നാമതായി വിജയിച്ചവർക്ക് മേഖലാതലത്തിലും അവിടെ നീന്നും ഒന്നാമതായി വിജയിച്ചവർക്ക് സംസ്ഥാന തലത്തിലും മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയും.