പത്തനംതിട്ട : ഇനി ഓമല്ലൂരിന് ഒരു മാസം കാർഷികോത്സവമാണ്. രണ്ട് വർഷങ്ങൾക്ക് ശേഷം ഓമല്ലൂർ വയൽവാണിഭത്തിന് തിരക്കേറുമ്പോൾ തിരികെ വരുന്നത് ഒരു നാടിന്റെ ഗ്രാമോത്സവമാണ്. മറ്റ് ജില്ലകളിൽ നിന്ന് വിൽക്കാനും വാങ്ങാനും ഇവിടേക്ക് ആളുകളെത്താറുണ്ട്.
ചേന, ചേമ്പ്, കിഴങ്ങ്, ഇഞ്ചി, കാച്ചിൽ, പുളി തുടങ്ങിയ കാർഷികവിളകളുടെ വൻശേഖരം വില്പനയ്ക്കായി എത്തിച്ചിട്ടുണ്ട്. ഒരുമാസം നീണ്ടുനിൽക്കുന്ന കാർഷിക മേളയാണിത്. കാർഷിക വിളകളുടെ വിപണനമാണ് പ്രധാനമായും നടക്കുക. മെച്ചപ്പെട്ട വില ലഭിക്കുമെന്നതിനാൽ ഓമല്ലൂരിലേക്ക് സാധനങ്ങളുമായി എത്തുന്ന കർഷകരുടെ എണ്ണവും കൂടുതലാണ്. ഗൃഹോപകരണങ്ങൾ, പാത്രങ്ങൾ എന്നിവയുടെ വില്പനയും സജീവമാണ്. ചേനയ്ക്ക് കിലോ 35 രൂപയാണ്. കാച്ചിലിന് 50 രൂപ, നീല കാച്ചിലിന് 60 രൂപയാണ്. മധുരകിഴങ്ങിന് 80 , കസ്തൂരി മഞ്ഞളിന് 120 എന്നിങ്ങനെയാണ് വില. ഇവയ്ക്കാണ് ആവശ്യക്കാരെറെയും. മുപ്പത് രൂപ മുതലാണ് എല്ലാ വിളകളുടെയും വില തുടങ്ങുന്നത്. ഉണങ്ങിയ വാട്ടുകപ്പയ്ക്ക് എഴുപതും ഉപ്പേരിക്കപ്പയ്ക്ക് എൺപതും വെള്ളക്കപ്പയ്ക്ക് അറുപതും രൂപയാണ്. ഗൃഹോപകരണങ്ങളിൽ കഞ്ഞിചട്ടിയ്ക്ക് എഴുപതു മുതൽ 100 രൂപ വരെയാണ്. അറുപത് മുതൽ 1500 രൂപ വരെയുള്ള മൺപാത്രങ്ങളും ചട്ടികളും കൂജകളുമെല്ലാം ഇവിടെ വിൽപനയ്ക്കുണ്ട്.
നഷ്ടങ്ങളുടെ ഓർമ്മയിൽ കച്ചവടക്കാർ
കൊവിഡ് കവർന്ന രണ്ടുവർഷങ്ങൾ ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. മുപ്പതും നാൽപ്പതും വർഷമായി കച്ചവടത്തിനെത്തുന്ന മൺചട്ടി വിൽപ്പനക്കാരായ ലീലയും വിളകളുമായെത്തുന്ന നാരായണനുമെല്ലാം രണ്ടുവർഷത്തെ നഷ്ടങ്ങളുടെ കണക്കാണ് പറയാനുണ്ടായിരുന്നത്. മൺചട്ടികൾ കൂട്ടിയിട്ടതിൽ പലതിനും കേടുപാടുകൾ സംഭവിച്ചു. തുടർച്ചയായുണ്ടായ മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കാർഷിക മേഖലയെ തകിടം മറിച്ചു. കൃഷി പൂർണമായും നശിച്ചു. ഈ വർഷം കുറച്ചെങ്കിലും തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് വിൽപനക്കാർ.
കാസർകോഡ് സെൻട്രൽ പ്ലാന്റേഷൻ കോർപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഗംഗ ബോണ്ടം എന്ന തെങ്ങിൻ തൈ മേളയിലെ പ്രധാന ആകർഷണം കൂടിയാണ്. രണ്ടര വർഷം കൊണ്ട് പൂക്കുമെന്ന് അവർ അവകാശപ്പെടുന്നതായി വിൽപനക്കാർ പറയുന്നു.