 
ഇലന്തൂർ : വലിയ പടയണിക്കായി ഇലന്തൂർ കാവിലമ്മയുടെ തട്ടകം ഒരുങ്ങി. വലിയ പടേനി ദിവസമായ നാളെ ഇലന്തൂർ മഹാഗണപതി ക്ഷേത്രത്തിന് സമീപത്ത് എഴുതി തയ്യാറാക്കുന്ന കോലങ്ങളെ അടവിയുടെ അകമ്പടിയോടെ കളത്തിലേക്ക് വരവേൽക്കും. പഞ്ചവൃക്ഷങ്ങളായ ആല്, പന, ഇലഞ്ഞി, പനച്ചി തുടങ്ങിയ വൃക്ഷക്കൊമ്പുകൾ കൂട്ടക്കോലങ്ങളോടൊപ്പം വനാന്തരീക്ഷം സൃഷ്ടിച്ച് കളത്തിൽ കാപ്പൊലിയ്ക്കുന്നത് വല്യപടേനിയുടെ മാത്രം പ്രത്യേകതയാണ്.
ഇലന്തൂർ കാവിലമ്മയുടെ ആറ് കരകളിലൊന്നായ പരിയാരം കരയിൽ നിന്ന് ഇന്നലെ നൂറു കണക്കിന് ചൂട്ടുകറ്റകളുടെയും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എത്തിയ കോലങ്ങൾ കളത്തിൽ തുള്ളിത്തിമിർത്തു. കൂട്ടക്കോലങ്ങളെ കൂടാതെ കളത്തിൽ എത്തിയ എരിനാഗയക്ഷി കോലങ്ങൾ രൂപഭാവത്തിലും കൈമെയ്യ് ചലനങ്ങളിലും മറ്റ് യക്ഷികോലങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു നാഗയക്ഷികോലങ്ങൾ തുള്ളിയൊഴിയുന്നതോടെ സർപ്പദോഷങ്ങളിൽ നിന്ന് മോചനം നേടി പുത്ര സൗഭാഗ്യം ലഭ്യമാകുന്നു എന്ന് കരവാസികൾ വിശ്വസിക്കുന്നു.
ഇന്ന് ക്ഷേത്ര സദ്യാലയത്തിലെ കോലപ്പുരയിൽ നിന്ന് ഏഴാംപടയണിക്കുള്ള കോലങ്ങളെ കളത്തിലേക്ക് എതിരേല്ക്കും. കൂട്ടക്കോലങ്ങളൊടൊപ്പം ഇന്ന് നിണഭൈരവിയും തുള്ളി ഒഴിയും. രക്തവർണ്ണത്തിന് പ്രാധാന്യമുള്ള ഈ കോലം അപൂർവ്വം പടയണിക്കളങ്ങളിൽ മാത്രമേ കാണാറുള്ളു.