 
പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ടെർമിനലിൽ നിന്ന് ബസ് സർവീസുകൾ അടുത്തയാഴ്ച ആരംഭിക്കും. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ കഴിഞ്ഞ ദിവസം ടെർമിനൽ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
ബസുകൾ പാർക്ക് ചെയ്യേണ്ട യാർഡിന്റെ നിർമ്മാണം പൂർത്തിയായി. സ്റ്റാൻഡിനുള്ളിലേക്ക് ബസുകൾ പ്രവേശിക്കുന്നത് പഴയ ഡിപ്പോ ഒാഫീസിന് മുന്നിൽ ഇടതുഭാഗത്തയുള്ള ആലിന് സമീപത്ത് കൂടിയാണ്. ബസുകൾ പുറത്തേക്ക് പോകുന്നത് സ്വകാര്യ ബസ് സ്റ്റാൻഡ് ഭാഗത്തേക്കുള്ള പ്രവേശന കവാടത്തിലൂടെയാണ്. ബസുകൾ സ്റ്റാൻഡിൽ നിന്നിറങ്ങി നിലവിലുള്ളതുപോലെ സ്വകാര്യ ബസ് സ്റ്റാൻഡിലൂടെയാകും സർവീസ് നടത്തുക. ഇവിടെയുളള താൽക്കാലിക സ്റ്റേഷൻ മാസ്റ്റർ ഒാഫീസ് കുറച്ചുകാലം നിലനിറുത്തും.
പുതിയ കെ.എസ്.ആർ.ടി.സി ടെർമിനലിൽ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
ബസ് ടെർമിനലിന്റെ ഉദ്ഘാടനം കഴിഞ്ഞ വർഷം നടന്നെങ്കിലും സർവീസുകൾ തുടങ്ങിയിരുന്നില്ല. തീർത്ഥാടന കാലത്ത് ശബരിമല സർവീസുകൾ നടത്തിയിരുന്നു.
ലേലത്തിൽ പോയത് 11കടമുറികൾ
ടെർമിനലിൽ താഴത്തെ നിലയിലെ 11 കടമുറികൾ മാത്രമാണ് ഇതുവരെ ലേലത്തിൽ പോയത്. താഴെ നിലയിൽ ഏഴും ഒന്നാം നിലയിൽ 27ഉം മുറികൾ ലേലം ചെയ്യാനുണ്ട്. തുക കുറച്ച് ലേല നടപടികൾ ഉടൻ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.
ഗവി - വാഗമൺ സർവീസിന് അനുമതിയായില്ല
കെ.എസ്.ആർ.ടി.സി ടൂറിസം പാക്കേജിന്റെ ഭാഗമായി ആവിഷ്ക്കരിച്ച പത്തനംതിട്ട - ഗവി - വാഗമൺ സർവീസിന് വനംവകുപ്പിന്റെ അനുമതി നീളുന്നു. ടൂറിസം സർവീസിനെപ്പറ്റി അറിയാനും യാത്ര ചെയ്യാനുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിയാളുകൾ പത്തനംതിട്ട ഡിപ്പോ അധികൃതരെ വിളിക്കുന്നുണ്ട്. വനംവകുപ്പ് അനുമതി നൽകിയാലുടൻ സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡിപ്പോ അധികൃതർ. അനുമതി ലഭിച്ചില്ലെങ്കിൽ പത്തനംതിട്ട - മുണ്ടക്കയം - വാഗമൺ - പരുന്തുംപാറ സർവീസിനെപ്പറ്റി ആലോചിക്കും.
പാലക്കാട് സർവീസ് ഇന്ന് മുതൽ
കൊവിഡിന് മുൻപ് നിറുത്തിവച്ചിരുന്ന പത്തനംതിട്ട - പാലക്കാട് സൂപ്പർ ഫാസ്റ്റ് സർവീസ് ഇന്നു മുതൽ ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിനാണ് പത്തനംതിട്ടയിൽ നിന്ന് പുറപ്പെടുന്നത്.