road
അമിച്ചകരി അംഗനവാടിയിലേക്കുള്ള വഴി കാടുകയറിയ നിലയിൽ

തിരുവല്ല: അമിച്ചകരി അങ്കണവാടിയിൽ പോകാൻ നല്ലവഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് കുട്ടികൾ. നെടുമ്പ്രം പഞ്ചായത്ത് ഒന്നാം വാർഡിലാണ് 70 -ാം നമ്പർ അങ്കണവാടി. കാടുകയറിയ റോഡിലൂടെ വേണം ഇവർക്ക് പോകാൻ. അമിച്ചകരി മാർത്തോമ്മാ പള്ളിപ്പടി - റോഡിലാണ് അങ്കണവാടി. റോഡിലേക്ക് വളർന്നു നിൽക്കുന്ന കുറ്റിക്കാട്ടിലൂടെയാണ് കുട്ടികളും ജീവനക്കാരും യാത്ര ചെയ്യേണ്ടത്. ഇതുകാരണം ഇഴജന്തുശല്യവും ഏറെയാണ്. ചെറിയ മഴയത്ത് പോലും വഴിയിൽ വെള്ളക്കെട്ട് രൂപപ്പെടും. വെള്ളപ്പൊക്കകാലത്ത് ഇവരുടെ ദുരിതമേറും. താഴ്ന്നുകിടക്കുന്ന റോഡിൽ വെള്ളം കയറിയാൽ ഒഴുകിപ്പോകാനും മാർഗമില്ല. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ്‌ലൈൻ മിക്കയിടങ്ങളിലും റോഡിന് പുറത്തേക്ക് തള്ളിനിൽക്കുകയാണ്. ഇതുകാരണം വാഹനങ്ങൾ പോകുമ്പോൾ പൈപ്പുപൊട്ടി പ്രദേശത്ത് കുടിവെള്ളം മുടങ്ങാറുണ്ട്. പത്ത് വർഷം മുമ്പ് റിട്ട. അദ്ധ്യാപിക ശ്രായിൽ പൊന്നമ്മ ദാനമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് അങ്കണവാടി കെട്ടിടം സർക്കാർ നിർമ്മിച്ചത്. കെട്ടിടത്തിൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കാടുവെട്ടിത്തെളിച്ച് റോഡ് മണ്ണിട്ടുയർത്തി നിർമ്മിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.