അടൂർ : കടുത്ത വേനൽ ആരംഭിച്ചിട്ടും അടൂരിലെ ജനങ്ങൾക്ക് ആവശ്യമായ അളവിൽ ശുദ്ധജലം വിതരണം ചെയ്യാത്ത വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്ക്കും, അലംഭാവത്തിനുമെതിരെ ശക്തമായി പ്രതിഷേധിച്ച് എൻ.സി.പി നേതൃത്വത്തിൽ ടാങ്കറിൽ ജലം എത്തിച്ചുകൊടുത്തു. കഴിഞ്ഞ 14 ദിവസക്കാലമായി തുടർച്ചയായി വെള്ളം ലഭിക്കാതെയും പൈപ്പുവെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ഏഴംകുളം പഞ്ചായത്തിലെ 16-ാം വാർഡിലെ ജനങ്ങൾ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ജലം ലഭിക്കാതെ വലഞ്ഞതോടെ എൻ.സി.പി പഞ്ചായത്ത് കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. രണ്ടുമണിക്കൂറിനുള്ളിൽ ആവശ്യമായ അളവിൽ എല്ലാവർക്കും ടാങ്കറിൽ കുടിവെള്ളം എത്തിച്ചു. കഴിഞ്ഞ കുറെ നാളുകളായി എൻ.സി.പി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂരിലെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതക്കെതിരെ സമരം ചെയ്യുകയാണ്. ഇനിയും ഉദ്യോഗസ്ഥർ മെല്ലെപ്പോക്ക് നയം സ്വീകരിച്ചാൽ ഓഫീസ് ഉപരോധം അടക്കമുള്ള സമരപരമ്പരകളിലേക്ക് നീങ്ങാനാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി എം.അലാവുദീൻ, മേലൂട് അഭിലാഷ്, ഹരി പതഞ്‌ജലി, ശശികുമാർ താന്നിക്കൽ,അജി ചരുവിള, എൽ. എസ്‌.സുരേഷ്, പി.കെ റോയ്,ബിജു ശിവരാമൻ, ലിജു തൊടുവക്കാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുടിവെള്ള വിതരണം.