പത്തനംതിട്ട : ജലജീവൻ മിഷൻ വഴിയുള്ള അയിരൂർ പഞ്ചായത്തിലെ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനവും എഴുമറ്റൂർ കൊറ്റൻകുടി ഭാഗത്തെ ശുദ്ധജലവിതരണ പദ്ധതിയുടെ ഉദ്ഘാടനവും 19ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. രാവിലെ 11 ന് അയിരൂർ ചെറുകോൽപുഴ കലാലയം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
അയിരൂർ പഞ്ചായത്തിലെ ശുദ്ധജല ദൗർലഭ്യം പരിഹരിക്കുന്നതിന് ആരംഭിച്ച അയിരൂർ കാഞ്ഞീറ്റുകര ശുദ്ധജല വിതരണ പദ്ധതി 32 കോടി രൂപ വിനിയോഗിച്ച് ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇനി 3128 കുടുംബങ്ങൾക്ക് അയിരൂർ പഞ്ചായത്തിൽ ഗാർഹിക കുടിവെള്ള കണക്ഷനുകൾ നൽകേണ്ടതുണ്ട്. ഇതിനായി 15 കിലോമീറ്റർ പൈപ്പ്‌ലൈൻ സ്ഥാപിക്കണം. ഇതിനായി ജലജീവൻ മിഷൻ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി ഒൻപതു കോടി രൂപയുടെ ഭരണാനുമതി ആയിട്ടുണ്ട്. ഈ പ്രവൃത്തിയുടെ നിർമ്മാണ ഉദ്ഘാടനമാണ് നടക്കുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടെ പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ഗാർഹിക കുടിവെള്ള കണക്ഷനുകൾ നൽകാൻ കഴിയും. ഉയർന്ന പ്രദേശമായ എഴുമറ്റൂർ പഞ്ചായത്തിലെ കൊറ്റൻകുടിയിൽ വലിയ ജല ദൗർലഭ്യമാണ് നേരിടുന്നത്. ജൽജീവൻ മിഷനിൽ ഉൾപ്പെടുത്തി ഒന്നാംഘട്ടമായി 500 പ്രവർത്തനക്ഷമമായ ഗാർഹിക കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനായി 3.32 കോടി രൂപയുടെയും രണ്ടാംഘട്ടമായി 350 കുടിവെള്ള കണക്ഷനുകൾക്ക് 1.74 കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 910 കുടിവെള്ള കണക്ഷൻ ഇതുവഴി നൽകിക്കഴിഞ്ഞു. 30 വർഷത്തിലേറെയായി കുടിവെള്ളം ലഭ്യമാക്കാൻ കഴിയാത്ത 165 കുടുംബങ്ങൾക്ക് ഗാർഹിക കുടിവെള്ള കണക്ഷൻ നൽകാൻ കഴിഞ്ഞതിന്റെ ഉദ്ഘാടനവും നടക്കും.