റാന്നി : ചൂടിന് ശമനമേകി റാന്നിയിലും പരിസര പ്രദേശങ്ങളിലും വേനൽമഴ. കൊടും ചൂടിൽ കൃഷി വകകളും, മരങ്ങളും ഉണങ്ങി തുടങ്ങിയിരുന്നു. ജലാശയങ്ങളിലെ നീരൊഴുക്കും ഗണ്യയായി കുറഞ്ഞിരുന്നു. കുടിവെള്ളത്തിനായി ആളുകൾ നെട്ടോട്ടമോടുകയാണ്. ഉയർന്ന പ്രദേശങ്ങളിലൊക്കെയും രണ്ടു മാസം മുമ്പേ കിണറുകളിലും ഓലികളും വറ്റി വരണ്ടു. ടാങ്കറുകളിൽ പണം മുടക്കി കൊണ്ടുവരുന്ന വെള്ളം ഉപയോഗിച്ചാണ് പലരും വീട്ടാവശ്യങ്ങൾ നിറവേറ്റുന്നത്. 800 മുതൽ 1000 രൂപ വരെ മുടക്കുന്ന ഇത്തരം വെള്ളം രണ്ടു മൂന്നു ദിവസം കൊണ്ട് കാലിയാകുകയും ചെയ്യും. വേനലിൽ റബർ ടാപ്പിംഗ് പലരും നിറുത്തി വച്ചിരിക്കുന്നതിനാൽ റബറിനെ ആശ്രയിച്ചു ജീവിക്കുന്ന ടാപ്പിംഗ് തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്ക് ഇതു കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുണ്ട്. കടുത്ത ചൂടിന് പുറമെ പ്രളയം അവശേഷിച്ചു പോയ പൊടിപടലങ്ങളുടെ ശല്യവും റാന്നിയെ ഇപ്പോഴും വിട്ടു മാറിയിട്ടില്ല. റാന്നി ടൗണിൽ ഉൾപ്പടെ രൂക്ഷമായ പൊടി ശല്യവും നേരിടുന്നുണ്ട്.