പന്തളം: പന്തളത്ത് കേന്ദ്ര സർക്കാരിന്റെ രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് പത്ര സമ്മേളനത്തിൽ അറിയിച്ചു. എല്ലാവർക്കും കുടിവെള്ളമെത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ മൂന്ന് ഓവർ ഹെഡ് ടാങ്കുകളും സ്ഥാപിക്കും.
മുടിയൂർക്കോണം, കുരമ്പാല എന്നിവിടങ്ങളിലാണ് ദേശീയ ആരോഗ്യദൗത്യം (എൻ.എച്ച്.എം) ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ഓരോകേന്ദ്രങ്ങളിലും രണ്ടു ഡോക്ടർമാർ, നാലു നഴ്‌സുമാർ, ലബോറട്ടറി, ഒരു ആംബുലൻസ് എന്നിവയുണ്ടാകും. ഈ മാസം 31നകം രണ്ട് ആശുപത്രികളും ഉദ്ഘാടനം ചെയ്യും. എൻ.എച്ച്.എമ്മിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്ന 10 നഗരസഭകളുടെ പട്ടികയിലും പന്തളത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.
അമൃത് പദ്ധതിയിൽ ആതിരമല, കടയ്ക്കാട്, ചേരിക്കൽ എന്നിവിടങ്ങളിലാണ് അഞ്ചുലക്ഷം ലിറ്റർ ശേഷിയുള്ള ഓവർഹെഡ് ടാങ്കുകൾ സ്ഥാപിക്കുക. ചേരിക്കലും ആതിരമലയിലും നിലവിലുള്ള ടാങ്കുകൾക്കു പുറമേയാണിത്. ഇതിനായി അഞ്ചുകോടി രൂപയാണ് ചെലവഴിക്കുക. 2000 കുടുംബങ്ങൾക്ക് ഹൗസ് കണക്ഷൻ നൽകുന്നതോടൊപ്പം നഗരസഭയിലെ എല്ലാ പ്രദേശങ്ങളിലേക്കും പൈപ്പ് ലൈൻ നീട്ടും. കൂടുതൽ പൊതു ടാപ്പുകളും സ്ഥാപിക്കും.

നഗരസഭയ്ക്ക് കിഫ്ബി വഴി ആറുകോടി രൂപ ചെലവഴിച്ച് പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കും. മൂന്നു നിലകളിലായുള്ള താഴത്തെ നിലയിൽ വികലാംഗർക്കു വേണ്ട സൗകര്യമൊരുക്കും. നിർമ്മാണത്തിനായുള്ള ഉപസമിതി 22ന് ചേരും. നഗരസഭാ ഓഫീസ് കെട്ടിടത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷർക്കു പ്രത്യേകം മുറികൾ തയ്യാറാക്കി. പൊതുജനങ്ങൾക്ക് ടി.വി കാണാനും കുടിവെള്ളത്തിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മുട്ടാർ നീർച്ചാൽ നവീകരണത്തിനായി സർവേ നടപടികൾ ആരംഭിച്ചു.12 കോടി രൂപ ചെലവഴിച്ച് ഷോപ്പിംഗ് കോംപ്ലക്‌സ് പണിയും. പന്തളം ചന്തയുടെ ആധുനികവത്കരണം കൂടാതെ സ്വകാര്യ ബസ് സ്റ്റാൻഡ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തേക്കു മാറ്റാനും നടപടികളായിട്ടുണ്ടെന്ന് സുശീല സന്തോഷ് പറഞ്ഞു.
ഉപാദ്ധ്യക്ഷ യു. രമ്യ, സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ. സീന, ബെന്നി മാത്യു, രാധാ വിജയകുമാർ, കൗൺസിലർമാരായ ബിന്ദു, സൗമ്യ സന്തോഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.