 
പന്തളം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം പന്തളത്ത് വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. . പ്രളയം ഉണ്ടായാൽ വെള്ളം കയറുന്ന പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കുന്നതായിരുന്നു ഡ്രിൽ. ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് ഉച്ചയ്ക്ക് 2.26 ന് മഴ കനക്കുന്നത് കണക്കിലെടുത്ത് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് താലൂക്ക് കൺട്രോൾ റൂമിൽ ലഭിച്ചു. 2.33 ന് ക്യാമ്പുകൾ സജ്ജമാക്കാൻ നിർദ്ദേശം ലഭിച്ചു. 2.45 ന് താഴ്ന്ന പ്രദേശമായ കടയ്ക്കാട് ഏഴാം വാർഡിൽ പുത്തൻവേലി കടവ് ഭാഗത്ത് ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സന്ദേശം താലൂക്ക് കൺട്രോൾ റൂമിൽ ലഭിച്ചു. ഉടൻതന്നെ വിവരം താലൂക്ക് കൺട്രോൾ റൂമിൽ നിന്ന് ഫയർ ഫോഴ്‌സ്, പൊലീസ്, ആരോഗ്യ വകുപ്പ്, മുനിസിപ്പാലിറ്റി, കെ എസ് ഇ ബി എന്നിവർക്ക് കൈമാറി. സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സ്‌കൂബാ ടീം അടങ്ങിയ ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിച്ച് സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റി. കടയ്ക്കാട് എൽ.പി സ്‌കൂൾ, എൻ.എസ്.എസ് കോളേജ്, എൻ.എസ്.എസ് ബോയ്‌സ് സ്‌കൂൾ എന്നിവിടങ്ങൾ ക്യാമ്പുകളായി സജ്ജീകരിച്ചിരുന്നു.
പന്തളം മുനിസിപ്പൽ ചെയർപേഴ്‌സൺ സുശീല സന്തോഷ്, വാർഡ് കൗൺസിലർ കെ.ആർ.രവി, അടൂർ തഹസീൽദാർ ജോൺ സാം, ഡെപ്യൂട്ടി തഹസിൽദാർ ഷൈനി ബേബി എന്നിവരുടെ നേതൃത്വത്തിൽ റവന്യു സംഘവും, സബ് ഇൻസ്‌പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും ഡോ. നിതിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും പങ്കെടുത്തു.
. ഫയർ ഫോഴ്‌സ് അടൂർ സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാറായിരുന്നു ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഇൻസിഡന്റ് കമാൻഡർ. ഏത് അടിയന്തര സാഹചര്യവും താലൂക്കിൽ നേരിടാൻ സർക്കാർ സംവിധാനങ്ങൾ സജ്ജമാണെന്ന് തഹസീൽദാർ ജോൺ സാം അറിയിച്ചു.