 
പന്തളം: ലോക വനദിന ആചരണത്തിന്റെ ഭാഗമായി പത്തനംതിട്ട സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ പൂഴിക്കാട് ഗവൺമെന്റ് യു.പി സ്‌കൂളിൽ പ്രകൃതി പഠന ക്ലാസും ക്വിസ്മത്സരവും നടത്തി. പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങളും ചിത്രങ്ങളും കൊണ്ട് സ്‌കൂളിന്റെ ചുറ്റുമതിൽ മനോഹരമാക്കി. പത്തനംതിട്ട റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എ.എസ്.അശോക് പ്രകൃതി സംരക്ഷണവും വനവൽക്കരണവും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വിശദീകരിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് പന്തളം വാഹിദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പന്തളം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജലീഫ് എം.ഐ., അദ്ധ്യാപക പ്രതിനിധി എസ്. ശ്രീനാഥ്, സ്‌കൂൾ പ്രഥമാദ്ധ്യാപിക ബി.വിജയലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി.കെ.ജി.സുജ, എന്നിവർ സംസാരിച്ചു.