1
കെ റയിൽ സമര ജാഥയുടെ 16-മത് ദിവസെത്തെ സമ്മേളനംവി.ടി. ബൽറാം ഉത്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: രണ്ട് ലക്ഷം കോടിക്ക് കേരളത്തെ പണയപ്പെടുത്തുന്ന പദ്ധതിയാണ് കെ - റെയിലിന്റെ സിൽവർ ലൈനെന്ന് മുൻ എം.എൽ.എ വി.ടി.ബൽറാം പറഞ്ഞു. കുന്നന്താനത്ത് സമര ജാഥയുടെ 16-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡേറ്റാ കൃത്രിമം നടത്തി കള്ളക്കണക്കുകൾ അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച് പദ്ധതി നടപ്പിലാക്കാം എന്നാണ് സർക്കാർ വ്യാമോഹിക്കുന്നത്. നാല്പതടിയോളം വെള്ളമുയർന്ന സ്ഥലമാണിത്. അതിന് മുകളിലേക്കായിരിക്കും മതിൽ കെട്ടുന്നത്. ഇത് കേരളത്തെ രണ്ടായി വിഭജിക്കും. മൂന്ന് കിലോമീറ്റർ നീളത്തിൽ വിഴിഞ്ഞത്ത് നിർമ്മാണം നടത്താൻ കഴിയുന്നില്ല. അതിനാൽ കേരളത്തിലിത് നടപ്പിലാക്കാൻ കഴിയില്ല. ഈ സമരത്തെയും സമര ജാഥയെയും വിജയിപ്പിക്കാൻ കോൺഗ്രസും, യു.ഡി.എഫും രംഗത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. സമിതി ജില്ലാ രക്ഷാധികാരി പി.എസ്.വിജയൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ്.എം.പുതുശേരി ശരണ്യാരാജ്, വി.ജെ.ലാലി, ബാബു കുട്ടൻചിറ, കുഞ്ഞുകോശി പോൾ, സജി ചാക്കോ, സുരേഷ് ബാബു പാലാഴി, കോശി.പി.സക്കറിയ, മാന്താനം ലാലൻ, എബി മേക്കരിങ്ങാട്ട്, രതീഷ് രാമകൃഷ്ണൻ, ദീപു തെക്കേമുറി തുടങ്ങിയവർ പങ്കെടുത്തു. കുന്നന്താനം യൂണിറ്റിന്റെ നേതൃത്വത്തിൽ നടയ്ക്കൽ ജംഗ്ഷനിൽ സമരജാഥയ്ക്ക് സ്വീകരണം നൽകി. കെ - റെയിൽ വേണ്ട കേരളം വേണം എന്ന മുദ്രാവാക്യം ഉയർത്തി മാർച്ച് 1ന് കാസർഗോഡ് നിന്നാരംഭിച്ച സംസ്ഥാന സമര ജാഥാ ക്യാപ്റ്റൻ എം.പി ബാബുരാജ് (സംസ്ഥാന ചെയർമാൻ), വൈസ് ക്യാപ്റ്റൻ എസ്.രാജീവൻ (ജനറൽ കൺവീനർ) എന്നിവർ സ്വീകരണം ഏറ്റുവാങ്ങി.സംസ്ഥാന രക്ഷാധികാരി എം.ഷാജർഖാൻ, സംസ്ഥാന സമിതിയംഗംങ്ങളായ മിനി.കെ.ഫിലിപ്, സി.കെ.ശിവദാസൻ,തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി.