ചെങ്ങന്നൂർ: പ്രൊവിഡൻസ് കോളേജ് ഒഫ് എൻജിനീയറിംഗ് ചെങ്ങന്നൂർ കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനുമായി (ഐ.ഐ.ഐ.സി.)യുമായി ധാരണാപത്രം ഒപ്പുവച്ചു. മികച്ച രീതിയിൽ പഠനം കാഴ്ചവെക്കുന്ന പ്രൊവിഡൻസ് കോളേജിലെ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് അഞ്ചാം സെമസ്റ്ററിന്റെ തുടക്കത്തോടെ ഐ.ഐ.ഐ.സിയിലെ വിവിധ കോഴ്‌സുകളിൽ പ്രവേശനം നേടാം. എട്ടാം സെമസ്റ്റർ പൂർത്തിയായതിനുശേഷം ആറുമാസത്തിനുള്ളിൽ തൊഴിലിടങ്ങളിൽ നിന്ന് നേരിട്ട് ലഭിച്ച പരിശീലന പരിചയത്തോടെയുള്ള പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ലഭിക്കുന്ന രീതിയിലാണ് കോഴ്‌സ് ആവിഷ്‌കരിച്ചിരിക്കുന്നത്. തൊഴിൽ വൈദഗ്ധ്യ പരിശീലന പരിപാടികളാണ് പദ്ധതിയുടെ മുഖ്യ ആകർഷണം. വിദ്യാർത്ഥികൾക്ക് പുറമെ പ്രസ്തുത കോളേജിലെ മറ്റു അദ്ധ്യാപകരടക്കമുള്ള ജീവനക്കാർക്കും പരിശീലന പരിപാടികളിൽ ചേരാൻ അവസരമൊരുങ്ങുന്നുണ്ട്. ഐ.ഐ.ഐ.സി. ഡയറക്ടർ പ്രൊഫ.ഡോ.സുനിൽകുമാർ, പ്രൊവിഡൻസ് കോളേജ് സിവിൽ വിഭാഗം മേധാവി ഡോ.സൈനു ഫ്രാങ്കോ എന്നിവർ ചേർന്നാണ് ധാരാണാപത്രം ഒപ്പിട്ടത്. പത്രസമ്മേളനത്തിൽ ഡോ.ബാലഗോപാൽ,പ്രൊഫ.അലക്‌സ് മാത്യു,വിഷ്ണുരാജൻ എന്നിവരും പങ്കെടുത്തു.