 
പത്തനംതിട്ട : കുമ്പഴ മലയാലപ്പുഴ റോഡിൽ പൈപ്പ് ലൈനിലെ ചോർച്ച കാരണം ടാറിംഗ് പൂർത്തിയാക്കാതെ പി.ഡബ്യൂ.ഡി അധികൃതർ. മലയാലപ്പുഴ മുതൽ കുമ്പഴ വരെയുള്ള നാല് കി.മീ റോഡാണ് ഇത്തരത്തിൽ ചോർച്ച അടക്കാതെ കിടക്കുന്നത്. ചോർച്ച അടച്ച് പണി പൂർത്തിയാക്കാൻ ഒരു വർഷത്തിലേറെയായി പി.ഡബ്യൂ.ഡി അധികൃതർ ആവശ്യപ്പടുന്നുണ്ടെങ്കിലും വാട്ടർ അതോറിട്ടിയ്ക്ക് പണി ആരംഭിക്കാൻ സാധിച്ചില്ല. നാല് കോടി രൂപ ചെലവഴിച്ചാണ് ഈ റോഡ് നിർമ്മിക്കുന്നത്. പി.ഡബ്യൂ.ഡിയ്ക്കാണ് നിർമ്മാണ ചുമതല. ചോർച്ചയുള്ള സ്ഥലം ഒഴിവാക്കി പി.ഡബ്യൂ.ഡി റോഡ് പണിതിട്ടും ഇതുവരെ വാട്ടർ അതോറിട്ടി നടപടിയെടുക്കാൻ തയ്യാറായിട്ടില്ല. വെള്ളം ഒഴുകുന്ന ഭാഗത്തെ ടാറും വെള്ളത്തിന്റെ ഒഴുക്ക് കാരണം ഇളകി മാറുന്നുണ്ട്. 2021 ജനുവരിയിൽ ടെൻഡർ ചെയ്ത റോഡാണിത്. വാട്ടർ അതോറിട്ടി പണി പൂർത്തിയാക്കിയതിന് ശേഷം റോഡ് പണി ആരംഭിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ചോർച്ചയുള്ള ഭാഗം ഒഴിവാക്കി റോഡ് ടാർ ചെയ്യുകയായിരുന്നു. റോഡിന്റെ വശങ്ങളിലായി പൈപ്പുലൈനിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്.
കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശം
മലയാലപ്പുഴ, കുമ്പഴ പ്രദേശങ്ങൾഏറ്റവും അധികം കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങൾ കൂടിയാണ്. അവിടെയാണ് പൈപ്പുലൈൻ പൊട്ടി വെള്ളം പാഴാകുന്നത്. 2021ൽ ജനുവരിയിൽ പണി ആരംഭിച്ചിരുന്നെങ്കിൽ ഏപ്രിലിൽ പൂർത്തിയകേണ്ട റോഡാണിത്. വളവുങ്കൽ മുസലിയാർ റോഡിൽ പൈപ്പ് ലൈൻ പദ്ധതിയ്ക്കായി വെട്ടിപ്പൊളിച്ച റോഡ് പദ്ധതി പൂർത്തിയാകാത്തിനാൽ കാലതാമസം നേരിട്ടിരുന്നു. അതിന് ശേഷമാണ് കുമ്പഴ മലയാലപ്പുഴ റോഡ് നിർമ്മാണം ആരംഭിക്കുന്നത്.
-4 കോടി രൂപയാണ് എസ്റ്റിമേറ്റ്
- 2021ൽ ടെൻഡർ നടന്ന റോഡാണ്
......................................
പൈപ്പു ലൈനിന്റെ ചോർച്ച അടയ്ക്കാൻ നിരവധിപ്പേർ പരാതിപ്പെട്ടിട്ടുണ്ട്.
(പ്രദേശവാസികൾ)