പത്തനംതിട്ട: കൊല്ലം ജില്ലയിലെ ഒരു പെട്രോൾ പമ്പിൽ അളവിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി വ്യാജ വീഡിയോ പ്രചരണം നടത്തുന്നതായും ഇത് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഒാൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്‌സ് ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ പെട്രോൾ പമ്പുകളും ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ലീഗൽ മെട്രോളജി വകുപ്പ് വർഷാവർഷംഅളവ് പരിശോധിച്ച് തിട്ടപ്പെടുത്തി സ്റ്റാമ്പ് ചെയ്ത് ഫീസടച്ചാണ് പ്രവർത്തിക്കുന്നത്. പമ്പുകൾ മുഴുവൻ ഓട്ടോമേറ്റീവുമാണ്. പമ്പുകളിൽ അടിക്കടി ഉണ്ടാകുന്ന അക്രമ സംഭവങ്ങൾ അവസാനിപ്പിക്കാനും നടപടിയുണ്ടാകണം. കമ്മിഷൻ തുകയിൽ കാലോചിതമായ വർദ്ധന നടപ്പാക്കണം. ജില്ലാ പ്രസിഡന്റ് സി. കെ. രവിശങ്കർ, സെക്രട്ടറി ബിനോയ് തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.