#യു.ഡി.എഫ് പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചു
ചെങ്ങന്നൂർ: കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ ചെങ്ങന്നൂർ നഗരസഭാ കൗൺസിൽ പ്രമേയം പാസാക്കി. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറും മുൻ നഗരസഭാ ചെയർമാനുമായ കെ.ഷിബുരാജനാണ് പ്രമേയം അവതരിപ്പിച്ചത്. ബി.ജെ.പി അംഗങ്ങളും സ്വതന്ത്രഅംഗവും പ്രമേയത്തെ അനുകൂലിച്ചു. യോഗത്തിൽ പങ്കെടുത്ത രണ്ട് ഇടതുപക്ഷ കൗൺസിലർമാരും പ്രമേയത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി. കൗൺസിൽ യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
കൊല്ലത്തിനും കോട്ടയത്തിനുമിടയിലുള്ള നിർദ്ദിഷ്ട സ്റ്റേഷൻ മുളക്കുഴ പഞ്ചായത്തിലെ പിരളശേരി ഭാഗത്താണ് നിർമ്മിക്കുന്നത്. ഇതിനായി സമീപ പഞ്ചായത്തിലെ നെൽപ്പാടങ്ങളടക്കം ഏക്കറുകണക്കിന് സ്ഥലങ്ങൾ ഏറ്റെടുത്ത് പദ്ധതി നടപ്പിലാക്കുമ്പോൾ സമീപ പ്രദേശം എന്ന നിലയിൽ അതിന്റെ പ്രത്യാഘാതം നഗരസഭാ പ്രദേശത്തുമുണ്ടാകും. ചെങ്ങന്നൂർ നഗരസഭാ പ്രദേശത്ത് 2018 ലെ പ്രളയത്തിൽ രണ്ടുപേർ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാവുകയും ചെയ്തതാണ്. പദ്ധതി നടപ്പിലാക്കിയാൽ വീണ്ടും പ്രകൃതി ദുരന്തങ്ങൾക്ക് നഗരസഭാ പ്രദേശവും സമീപപ്രദേശങ്ങളും ഇരയാകും. കോടിക്കണക്കിന് രൂപ മുടക്കി സംസ്ഥാനത്തെ കടക്കെണിയിലാക്കുന്ന പദ്ധതി നടപ്പിലാക്കിയാൽ ചെങ്ങന്നൂർ നഗരസഭയടക്കമുള്ള സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന ജനക്ഷേമ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാകും.
സമരംചെയ്യുന്ന സ്ത്രീകളെയും പ്രായാധിക്യമുള്ളവരെയും, രോഗികളെയും പൊലീസും കെ-റെയിൽ ജീവനക്കാരും മനുഷത്വരഹിതമായ അതിക്രമങ്ങളിലൂടെയാണ് നേരിടുന്നത്. ജനാധിപത്യ മര്യാദങ്ങൾ ലംഘിച്ചുകൊണ്ടുള്ള അതിക്രമങ്ങളിൽ നിന്ന് പൊലീസിനെ പിന്തിരിപ്പിക്കാനും സമരക്കാർക്കെതിരെയെടുത്തിട്ടുള്ള കേസുകൾ പിൻവലിക്കാനും സംസ്ഥാന സർക്കാർ തയ്യാറാക
ണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു.