തിരുവല്ല: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി. നഗരസഭയിലും നിരണം,പെരിങ്ങര,കുറ്റൂർ,നെടുമ്പ്രം,കടപ്ര പഞ്ചായത്തുകളിലും ഇവയുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രി വളപ്പിലും റവന്യു ടവറിന്റെ പരിസരങ്ങളിലും ഇഷ്ടംപോലെയുണ്ട് നായ്ക്കൾ. ഗ്രാമീണമേഖലയിലെ ചില റോഡുകളിൽ തെരുവ് നായ്ക്കൾ അടക്കിവാഴുകയാണ്. വാഹനങ്ങൾക്ക് നേരെ കുരച്ചുചാടുന്ന നായ്ക്കൾ ഇരുചക്ര വാഹന യാത്രക്കാർക്ക് ഏറെ ഭീഷണിയാകുന്നുണ്ട്. നായ്ക്കളെ കണ്ട് ഭയന്ന് നിയന്ത്രണംവിട്ട് മറിഞ്ഞ് ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങളുണ്ട്. റോഡിന്റെ ചിലഭാഗങ്ങളിൽ കൂട്ടത്തോടെ തമ്പടിക്കുന്ന തെരുവ് നായ്ക്കൾ കാൽനടക്കാരായ കുട്ടികളും സ്ത്രീകളും ഉൾപ്പടെയുള്ളവരിൽ ഭീതിയുയർത്തുന്നു.

എ.ബി.സി പദ്ധതി കാര്യക്ഷമമാകുന്നില്ല


തിരുവല്ല: ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി പ്രകാരം തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്ന ജോലികൾ കാര്യക്ഷമമായി നടക്കുന്നില്ലെന്ന പരാതി ശക്തമാണ്. നഗരസഭയിലും ചില പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കാൻ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഭീഷണിയായി തെരുവോരങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടിയാണ് പദ്ധതി നടപ്പാക്കേണ്ടത്. എന്നാൽ തെരുവ് നായ്ക്കളെ പിടികൂടുന്നില്ലെന്നാണ് ആക്ഷേപം. ലൈസൻസില്ലാത്ത നായ്ക്കൾ പെരുകി പദ്ധതി പ്രയോജനമില്ലാത്ത സ്ഥിതിയാണ്. നായ്ക്കൾക്ക് വന്ധ്യംകരണവും പേവിഷ ബാധയ്ക്കുള്ള വാക്സിനേഷൻ നടത്തുകയും ചെയ്യുന്ന പദ്ധതി ഫലപ്രദമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.

ഏഴുവയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു

തിരുവല്ല: സ്‌കൂളിൽ നിന്നും മടങ്ങുമ്പോൾ വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. നിരണം വടക്കുംഭാഗം ശക്തിമംഗലം എം.ഡി.എൽ.പി.സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് സ്‌കൂളിൽനിന്നും അമ്മൂമ്മയോടൊപ്പം മടങ്ങുമ്പോൾ വീടിന് സമീപത്തുവച്ച് തെരുവ് നായ്ക്കൾ ആക്രമിക്കുകയായിരുന്നു. കാലിന് കടിയേറ്റ പെൺകുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സതേടി. രണ്ടുമാസം മുമ്പ് തിരുവല്ല നഗരസഭയിലെ ശുചീകരണ തൊഴിലാളി മഞ്ഞാടി സ്വദേശി രാജമ്മ(52)യ്ക്ക് നഗരമദ്ധ്യത്തിൽ വച്ച് തെരുവുനായയുടെ കടിയേറ്റ സംഭവമുണ്ടായി. രാജമ്മയെ ആക്രമിച്ച തെരുവ് നായ മറ്റ് രണ്ട് പേരെക്കൂടി ആക്രമിച്ചെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. നഗരസഭയിലെ മുത്തൂരിലും കുറ്റൂർ പഞ്ചായത്തിലെ വെൺപാലയിലും തെരുവ് നായ്ക്കളുടെ കടിയേറ്റ് അടുത്തകാലത്ത് പത്തിലേറെ ആടുകൾ ചത്തിട്ടുണ്ട്.