ചെങ്ങന്നൂർ: കെ - റെയിലിന്റെ സ‌‌ർവേ നടപടികൾ പുരോഗമിക്കുമ്പോൾ മന്ത്രി സജി ചെറിയാന്റെ വീടിനുസമീപം അലൈമെന്റിൽ മാറ്റം വന്നത് സംശയകരമാണെന്ന് ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരക്കാട് പറഞ്ഞു. കൊഴുവല്ലൂർ സെന്റ് ജോർജ് സ്ക്കൂളിന് സമീപം മുതൽ അലെയ്മെന്റിൽ മാറ്റം വന്നതാണ് വിഴാലിൽ, പൂതംകുന്ന് കോളനി ഉൾപ്പെടെ പ്രദേശത്തെയും, കൊഴുവല്ലൂർ ക്ഷേത്രത്തെയും കെ.റെയിൽ ബാധിക്കുവാൻ കാരണമാകുന്നത്. അടുപ്പിൽ കല്ലിട്ടവർ റോഡിൽ വന്ന പോയിന്റിൽ കല്ലിടാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും പ്രമോദ് ആവശ്യപ്പെട്ടു. കെ.റെയിലിന്റെ പേരിൽ പൊലീസും, സർക്കാരും ചേർന്ന് ജനങ്ങളെ പീഡിപ്പിക്കുകയാണ്. മന്ത്രി സജി ചെറിയാന്റെ വീടിന് സമീപം വരെ വലിയ തോതിൽ പ്രതിഷേധം ഉണ്ടായിട്ടും പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ ഉപദ്രവിക്കുകയാണ്. കെ - റെയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഒപ്പമാണ് ബി.ജെപി. ശക്തമായ സമരവുമായി ബി.ജെ.പി മുന്നോട്ട് പോകുമെന്നും, പൊലീസിനെ ഉപയോഗിച്ച് നേരിട്ടാൽ ശക്തമായി എതിർക്കുമെന്നും പ്രമോദ് കാരക്കാട് പറഞ്ഞു.