അടൂർ : വിനോദസഞ്ചാരികൾക്ക് ഏറെ പ്രതീക്ഷ നൽകി കെ. എസ്. ആർ. ടി. സി അടൂർ ഡിപ്പോയിൽ നിന്ന് ഉല്ലാസയാത്രയ്ക്കായി രണ്ട് സർവീസുകൾക്ക് അനുമതി ലഭിച്ചു. ഇതിൽ അടൂർ - മലക്കപ്പാറ സർവീസ് ഏപ്രിൽ 10 ന് യാത്ര ആരംഭിക്കും. സൂപ്പർ ഫാസ്റ്റ് ബസാണ് ഇതിനായി ഉപയോഗിക്കുക. അടൂരിൽ നിന്ന് പുലർച്ചെ 4.30 ന് പുറപ്പെട്ട് തൃശൂർ ജില്ലയുടെ പ്രകൃതി രമണീയമായ സ്ഥലങ്ങളിലൂടെ ഒരുദിവസം കൊണ്ട് മടങ്ങിയെത്തുംവിധമാണ് സർവീസ് ക്രമീകരിക്കുക. കേരളത്തിലെ മറ്റ് പലഡിപ്പോകളിൽ നിന്നും മലക്കപ്പാറയിലേക്ക് ഉല്ലാസ യാത്ര ആരംഭിച്ചത് കെ. എസ്. ആർ. ടി. സിക്ക് ലാഭമായിരുന്നു. മാസങ്ങൾക്ക് മുൻപ് അടൂർ ഡിപ്പോ ഇൗ സർവീസിനുള്ള അനുമതി തേടിയെങ്കിലും നടപടി ഉണ്ടായില്ല. നീണ്ട മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോൾ അനുമതി ലഭിച്ചത്. വനമദ്ധ്യത്തിലൂടെയുള്ള പ്രകൃതിരമണീയമായ സ്ഥലങ്ങൾ സന്ദർശിച്ച് വൈകിട്ട് മൂന്നരയോടെ പുറപ്പെട്ട് രാത്രി പതിനൊന്ന് മണിയോടെ തിരിച്ചെത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 800 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം ഉൾപ്പെടെയുള്ള മറ്റ് ചെലവുകൾ യാത്രക്കാർതന്നെ ചെലവഴിക്കണം.
മലക്കപ്പാറയിലേക്ക് കോടമഞ്ഞിന്റെ കുളിരിൽ അറുപത് കിലോമീറ്റർ വനയാത്ര മലക്കപ്പാറയിലേക്കുണ്ട്. കാട്ടുമൃഗങ്ങളെ കണ്ട് യാത്രതുടരുന്നതിനൊപ്പം തുമ്പൂർമൂഴി ശലഭോദ്യാനം, അതിരപ്പള്ളി വ്യൂപോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽകുത്ത് ഡാം, റിസർവോയർ , ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നീ സ്ഥലങ്ങളും കാണാം. നാടൻ വിഭവങ്ങളും ഭക്ഷിക്കാം.
അടൂർ - വാഗമൺ - പരുന്തുംപാറ സർവീസാണ് മറ്റൊന്ന്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയവും ഏറെ തണുപ്പ് അനുഭവപ്പെടുന്ന സ്ഥലങ്ങളെ കോർത്തിണക്കിയാണിത്. സർവീസ് എന്ന് ആരംഭിക്കണമെന്നത് സംബന്ധിച്ച് വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകും.