ചെങ്ങന്നൂർ: ലോക നവീകരണത്തിന്റെ പ്രവാചകനാണ് ശ്രീനാരായണ ഗുരുദേവനെന്ന് ഡോ.എം.എം ബഷീർ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 1152-ാം നമ്പർ തിരുവൻവണ്ടൂർ ശാഖാ ഗുരുദേവ ഭദ്രകാളി ക്ഷേത്രത്തിലെ അനിഴം മഹോത്സവത്തോടനുബന്ധിച്ച് നടന്ന ശ്രീനാരായണ കൺവെൻഷനിൽ ആത്മീയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സത്യത്തെയും ജ്ഞാനത്തെയും ആനന്ദത്തെയും ദൈവമായി കാണാൻ ഒരു തലമുറയെ ഗുരുദേവൻ പഠിപ്പിച്ചു. അറിവ്, ജ്ഞാനം, വിദ്യാഭ്യാസം തുടങ്ങിയ വാക്കുകൾക്ക് ഗുരു ആത്മീയ അർത്ഥതലങ്ങൾ കണ്ടെത്തി. അതിലൂടെ ഭൗതികനേട്ടങ്ങൾക്ക് വഴികാട്ടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ കൺവെൻഷന്റെ ഉദ്ഘാടനം ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം നിർവഹിച്ചു. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ശാഖാ മുൻ പ്രസിഡന്റുമാരായ സുകുമാരൻ കിഴക്കേമാലിൽ, പത്മനാഭൻ കള്ളിക്കാട്ടിൽ, ശാഖാ വൈസ് പ്രസിഡന്റ് ശ്രീകല സുനിൽ, വനിതാസംഘം പ്രസിഡന്റ് ബീനാ രാജേന്ദ്രൻ, സെക്രട്ടറി സുലേഖ മനോജ് എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് ഹരി പത്മനാഭൻ സ്വാഗതവും സെക്രട്ടറി സോമൻ തോപ്പിൽ നന്ദിയും പറഞ്ഞു. കൺവെൻഷൻ 18 ന് വൈകിട്ട് സമാപിക്കും.