ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളേജിലെ ഭൂമിത്രസേന ക്ലബിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ ധനസഹായത്തോടെ നടത്തുന്ന കാലാവസ്ഥപ്രതിസന്ധി അതിജീവനത്തിനായുള്ള നേതൃത്വ പരിശീലന പരിപാടിക്ക് തുടക്കമായി. പ്രിൻസിപ്പൽ ഡോക്ടർ ജോൺസൺ ബേബി ഉദ്ഘാടനം ചെയ്തു. ഡോ.ആർ അഭിലാഷ്, ഡോ.ജോൺ സി.മാത്യു, ബിജി ഏബ്രഹാം, ഡോ.പ്രീത കാരണവർ, ഡോ.സിനു ജെ.വർഗീസ് എന്നിവർ സംസാരിച്ചു. കാലാവസ്ഥ പ്രതിസന്ധിയും പ്രകൃതി അധിഷ്ഠിത പരിഹാരങ്ങളും എന്ന വിഷയത്തിൽ കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് മേധാവി ഡോ.എ.ബിജുകുമാർ പരിശീലനം നൽകി.ഇന്ത്യയ്ക്ക് അകത്തും പുറത്തുമുളള ഇരുന്നൂറോളം ശാസ്ത്രജ്ഞന്മാരും അദ്ധ്യാപകരും വിദ്യാർത്ഥികളും പൊതുജനങ്ങളും പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഏഴ് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയിൽ ജൈവവൈവിദ്ധ്യം, ഭക്ഷ്യസുരക്ഷ, ലിംഗസമത്വം, സംസ്‌കാരം, ഭരണസംവിധാനം എന്നിവ കാലാവസ്ഥപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യും.