അടൂർ : ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്ത് ശിവഗിരി ബ്രഹ്മവിദ്യാലയ മന്ദിര കനകജൂബിലി ആഘോഷം, ശിവഗിരി തീർത്ഥാടന നവതി ആഘോഷം എന്നിവയുടെ ഉദ്ഘാടനങ്ങൾ ഗുരുധർമ്മ പ്രചാരണസഭ അടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച മിത്രപുരം ഉദയഗിരി ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്ര ഒാഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 ന് ശിവഗിരി മഠത്തിലെ സന്യാസിശ്രേഷ്ഠൻമാരെ പൂർണ്ണകുംഭം നൽകി സ്വീകരിക്കും.10ന് ശിവഗിരി ബ്രഹ്മവിദ്യാലയ മന്ദിരം കനകജൂബിലി ആഷോഷത്തിന്റെ ഉദ്ഘാടനം ധർമ്മസംഘം ബോർഡ് ട്രസ്റ്റ് അംഗവും ശിവഗിരി കനകജൂബിലി ആഘോഷ കമ്മിറ്റി സെക്രട്ടറിയുമായ വിശാലാനന്ദ സ്വാമി നിർവഹിക്കും. ഗുരുധർമ്മ പ്രചാരണസമിതി കേന്ദ്രസമിതി സെക്രട്ടറി ഗുരുപ്രസാദ് സ്വാമി അദ്ധ്യക്ഷതവഹിക്കും. ഗുരുധർമ്മ പ്രചാരണ സഭാ അടൂർ മണ്ഡലം പ്രസിഡന്റ് വി. എസ്. യശോധര പണിക്കർ സ്വാഗതം പറയും. തുടർന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ ശാരദാനന്ദ സ്വാമി ക്ളാസ് നയിക്കും. വൈകിട്ട് 3 ന് ശിവഗിരി തീർത്ഥാടന നവതി ആഘോഷ സമ്മേളനം ധർമ്മസംഘം ജനറൽ സെക്രട്ടറി ഋതംബരാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. ഫാ. ഗീവർഗീസ് ബ്ളാഹേത്ത്, അഡ്വ. മധു എറണാകുളം, അനിൽ തടാലിൽ, ടി. പി അനിരുദ്ധൻ, എം. ദിലീപ് എന്നിവർ സംസാരിക്കും.