പന്തളം: ബഡ്ജറ്റ് അവതരണവുമായി ബന്ധപ്പെട്ട് പന്തളം നഗരസഭയിൽ സംഘർഷം. എൽ.ഡി.എഫ്. നഗരസഭാ പാർലമെന്ററി പാർട്ടി ലീഡറും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ ലസിതാ നായർ, നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ യു. രമ്യ , കൗൺസിലറും ബി.ജെ.പി പന്തളം ഏരിയാ പ്രസിഡന്റുമായ സൂര്യാ.എസ്.നായർ, കൗൺസിലർ ശ്രീലേഖ .ആർ. എന്നിവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ നഗരസഭാ ഡെപ്യൂട്ടി ചെയർ പേഴ്‌സൺ യു. രമ്യ ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ എൽ.ഡി.എഫ്. യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ച് ബഹളം വച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ബഡ്ജറ്റ് ചട്ട ലംഘനമാണന്നും ബഡ്ജറ്റ് ചോർന്നെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ബഡ്ജറ്റ് പാസാക്കിയെങ്കിലും, പ്രതിപക്ഷം പ്രതിഷേധത്തോടെ ഹാൾ വിട്ടിറങ്ങി നഗരസഭാ കവാടത്തിൽ സമരം നടത്തി. തുടർന്ന് നഗരസഭാ കവാടത്തിൽ ബി.ജെ.പി. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഹരി കോട്ടേത്തിന്റെ നേതൃത്വത്തിലും സമരം ആരംഭിച്ചു. ബി.ജെ.പി ഭരിക്കുന്ന നഗരസഭയിൽ ഇടത് , വലത് മുന്നണികൾ വികസനം തടയുന്നെന്ന് ആരോപിച്ചായിരുന്നു സമരം. പുറത്ത് നിന്നെത്തിയ ബി.ജെ.പി പ്രവർത്തകർ നഗരസഭാ കവാടത്തിൽ സമരം നടത്തരുതെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു, പുറത്തുനിന്ന് വന്നവർ പിരിഞ്ഞുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.എൽ.ഡി.എഫ്. ബി.ജെ.പി കൗൺസിലർമാരും പ്രവർത്തകരും തമ്മിലുള്ള കൈയേറ്റം പൊലീസ് ഇടപെട്ട് തടയുകയായിരുന്നു. ഹരി കൊട്ടേത്തിനെ ഇതിനിടെ പൊലിസ് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റി. നഗരസഭാ ചെയർപേഴ്‌സൺ സുശീലാ സന്തോഷ്, ബി.ജെ.പി. ഏരിയാ പ്രസിഡന്റ് സൂര്യാ എസ്.നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചതോടെ ഹരിയെ പൊലീസ് ജീപ്പിൽ നിന്ന് ഇറക്കിവിട്ടു. ഉന്തിലും തള്ളിലുമാണ് കൗൺസിലർമാർക്ക് പരിക്കേറ്റത്. ബി.ജെ.പി അക്രമത്തിൽ പ്രതിഷേധിച്ച് സി .പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി ആർ.ജ്യോതികുമാറിന്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ മാർച്ചും നഗരസഭാ കവാടത്തിൽ സമരവും നടത്തി. പന്തളം ജംഗ്ഷനിൽ ബി.ജെ.പി പ്രതിഷേധ യോഗം നടത്തി.ലസിതാ നായരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിന് ബി.ജെ.പി നഗരസഭാ പ്രസിഡന്റ് ഹരി കൊട്ടേ ത്തിനെതിരെ കേസെടുത്തു.