തിരുവല്ല: കാലപ്പഴക്കം മൂലം അപകടഭീഷണി ഉയർത്തിയിരുന്ന കൃഷ്ണപാദം പാലം ബലപ്പെടുത്തുന്ന ജോലികൾ തുടങ്ങി. പെരിങ്ങര - പൊടിയാടി റോഡിലെ കൃഷ്ണപാദം പാലം കൈവരികൾ തകർന്ന് ഏറെക്കാലമായി യാത്രക്കാർക്ക് ഭീഷണി ഉയർത്തിയിരുന്നു. തോടിന്റെ ഇരുകരകളിലുമായി പാലത്തെ താങ്ങി നിറുത്തുന്ന തൂണുകളുടെയും ബീമിന്റെയും തകർച്ചയുള്ള ഭാഗത്തെ കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയാക്കി. ഇതോടൊപ്പം പാലത്തിന്റെ കൈവരികളുടെ തകർച്ചയും അറ്റകുറ്റപ്പണികൾ ചെയ്ത് പരിഹരിക്കും. പൊതുമരാമത്ത് ബ്രിഡ്‌ജ്‌ വിഭാഗത്തിൽ നിന്നും അനുവദിച്ച രണ്ടരലക്ഷം രൂപ ചെലവഴിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. രണ്ട് ദിവസത്തിനുള്ളിൽ കൈവരികളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് അസി.എൻജിനീയർ പറഞ്ഞു. പൊടിയാടി - തിരുവല്ല റോഡ് നിർമ്മാണത്തെ തുടർന്ന് വലിയ വാഹനങ്ങൾ ഉൾപ്പെടെ വഴിതിരിച്ചു വിട്ടിരുന്നത് ഈ റോഡിലൂടെയാണ്.