തിരുവല്ല: കായലിനെയും കടലിനെയും അടുത്തറിയാൻ കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോയിൽ നിന്നും മൺറോതുരുത്ത് - സാംബ്രാണിക്കോടി - തിരുമുല്ലവാരം ബീച്ച് ഉല്ലാസ യാത്ര നാളെ മുതൽ ആരംഭിക്കും. എല്ലാ ഞായറാഴ്ചകളിലും രാവിലെ 6 ന് പുറപ്പെട്ട് രാത്രി 9 ന് തിരിച്ചെത്തും വിധമാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ഭക്ഷണം ഒഴിച്ച് 650 രൂപയാണ് യാത്രാ നിരക്ക്. തിരുവല്ല ഡിപ്പോയിൽ നിന്നും രണ്ടുമാസം മുമ്പ് മലക്കപ്പാറയിലേക്ക് ആരംഭിച്ച ഉല്ലാസയാത്ര വിജയകരമായി ഇപ്പോഴും തുടരുന്നുണ്ട്. അവധി ദിവസങ്ങളിൽ രാവിലെ 5 നാണ് മലക്കപ്പാറ സർവീസ് തിരുവല്ലയിൽ നിന്നും പുറപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് മുൻകൂട്ടി ബുക്കിംഗിനും tvI@kerala.gov.in, ഫോൺ: 0469-2602945, 9074035832.

മലക്കപ്പാറയ്ക്ക് ശേഷം മൺറോതുരുത്ത്

അഷ്ടമുടിക്കായലിനും കല്ലടയാറിനും മദ്ധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന പച്ചത്തുരുത്താണ് മൺറോ തുരുത്ത്. ഓരോ മഴക്കാലത്തും കല്ലടയാറിൽ ഒഴുകിയെത്തി അടിയുന്ന ചെളിയും മണ്ണും എക്കലും ചേര്‍ന്ന് രൂപംകൊണ്ട കരഭൂമിയാണ് ഇവിടെയുള്ള ഓരോ തുരുത്തും. എട്ട് ചെറു മണ്റോതുരുത്തുകളുടെ കൂട്ടമായ മണ്‍റോതുരുത്ത് പ്രകൃതിയൊരുക്കിയ സുന്ദരമായ കാഴ്ചയാണ്. കരിമീനും കൊഞ്ചും നീന്തിത്തുടിക്കുന്ന ഇടത്തോടുകളും, തുഴഞ്ഞു നീങ്ങുന്ന കൊച്ചുവള്ളങ്ങളും, ഇരപിടിക്കുനെത്തുന്ന നീർകാക്കകളും, അപൂർവയിനം പക്ഷിക്കൂട്ടങ്ങളുമൊക്കെ മണ്‍റോതുരുത്ത് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.

സാംബ്രാണിക്കോടി

അഷ്ടമുടിക്കായലിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സാംബ്രാണിക്കോടി കൊല്ലം ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. സമൃദ്ധമായ കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട ജലപാതകളുടെ ആശ്വാസകരമായ കാഴ്ചയിവിടെ ലഭിക്കും. ഇതുകൂടാതെ 2 മുതൽ 4 കിലോമീറ്റർ വരെ ആഴം കുറഞ്ഞ തടാകത്തിലൂടെ നടന്ന് മനോഹരമായ തിരുമുല്ലവാരം ബീച്ചിന്റെ സൗന്ദര്യവും ആസ്വദിക്കാനും കഴിയുന്ന തരത്തിലാണ് കെ.എസ്.ആർ.ടി.സി യാത്ര ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ 6 ന് പുറപ്പെട്ട് രാത്രി 9 ന് തിരിച്ചെത്തും

ഭക്ഷണം ഒഴിച്ച് 650 രൂപ

120 കിലോമീറ്റ‌ർ