sabarimala-aarattu

ശബരിമല: പമ്പയിൽ നടന്ന ആറാട്ടിന് ശേഷം ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തിയതോടെ പത്തുനാൾ നീണ്ടുനിന്ന ശബരിമല ഉത്സവത്തിന് ഇന്നലെ കൊടിയിറങ്ങി. മീനമാസ പൂജാ ചടങ്ങുകൾ പൂർത്തിയാക്കി ഇന്ന് രാത്രി പത്തിന് നട അ‌ടയ്ക്കും. ഇന്നലെ രാവിലെ ഉഷഃപൂജയ്ക്ക് ശേഷം ശ്രീകോവിലിൽ നിന്ന് അയ്യപ്പചൈതന്യം ആറാട്ട് വിഗ്രഹത്തിലേക്ക് പകർന്നു. അയ്യപ്പചൈതന്യം ആവാഹിച്ച തിടമ്പ് ആനപ്പുറത്തേറ്റി പമ്പയിലേക്ക് പുറപ്പെട്ടു.ശബരിമല മേൽശാന്തിക്ക് അശൂലമായതിനാൽ കീഴ്ശാന്തി എസ്.ഗിരീഷ് കുമാറാണ് ആറാട്ടിന് വിഗ്രഹവുമായി എത്തിയത്. പതിനൊന്നോടെ പമ്പയിലെത്തിയ ആറാട്ട് ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് വിഗ്രഹവുമായി ഗണപതിക്ഷേത്രത്തിന്റെ പടികൾ ഇറങ്ങി.

ആറാട്ട് കടവിൽ വിഗ്രഹം പീഠത്തിൽ വച്ച് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാർമ്മികത്വത്തിൽ പൂജ നടത്തി. തുടർന്ന് അയ്യപ്പസ്വാമിയുടെ നീരാട്ട് നടത്തി. ആറാട്ടിന് ശേഷം വിഗ്രഹം ക‌ടവിന്റെ കരയിലെ പീഠത്തിൽ വച്ച് പൂമാലയും ഉടയാടയും അണിയിച്ച് നേദ്യം സമർപ്പിച്ച് ദീപാരാധന നടത്തിയ ശേഷം ഗണപതിക്ഷേത്രത്തിന് മുന്നിൽ തയ്യാറാക്കിയ പീഠത്തിലേക്ക് എഴുന്നള്ളിച്ചിരുത്തി. പറസമർപ്പണത്തിന് ശേഷം വൈകിട്ട് മൂന്നരയോടെ ആനപ്പുറത്തേറി ഘോഷയാത്ര സന്നിധാനത്തേക്ക് തിരിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, മെമ്പർ മനോജ് ചരളേൽ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ് എന്നിവർ പങ്കെടുത്തു. രാത്രി ഏഴരയോടെ ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തി. തുടർന്ന് മൂലബിംബത്തിലേക്ക് അയ്യപ്പചൈതന്യം പകർന്നതോടെ ഉത്സവത്തിന് കൊ‌ടിയിറങ്ങി. വിഷു ഉത്സവത്തിനായി ഏപ്രിൽ 10ന് നട തുറക്കും. 15 നാണ് വിഷുക്കണി ദർശനം. 18 ന് നട അടയ്ക്കും.