 
കോന്നി: നൂറ്റാണ്ടുകൾ പഴക്കമുള്ള വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള കെട്ടുകാഴ്ച ഇന്നലെ നടന്നു. വൈകിട്ട് പെയ്ത വേനൽ മഴക്കിടെയാണ് ചെറുതും വലുതുമായ നെടുംകുതിരകളും ആനയും തേരുകളും കാളകളും വയലിൽ അണിനിരന്നത്. 44 അടി ഏഴിഞ്ച് ഉയരവും 14 അടി ഒൻപതിഞ്ച് വീതിയുമാണ് വെട്ടൂരിലെ കെട്ടുകാഴ്ചയിലെ ഏറ്റവും വലിയ എടുപ്പുകുതിരയായ കരക്കുതിരയ്ക്കുള്ളത്. 44 അടി നീളമുള്ള തേക്കിൻചട്ടത്തിലാണ് എടുപ്പുകുതിരയെ ഉറപ്പിച്ചിരുന്നള്ളിച്ചത് . മദ്ധ്യതിരുവിതാംകൂറിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി നൂറിലധികം ആളുകൾ ഇരുവശത്തുനിന്നും എടുപ്പുകുതിരകളെ തോളിലേറ്റി എഴുന്നെള്ളിക്കുന്ന കാഴ്ച ഭക്തിനിർഭരമായി. തെങ്ങ്, കമുക്, പന, പ്ലാവ്, തേക്ക്, വട്ട എന്നി വൃക്ഷങ്ങൾ ഉപയോഗിച്ചാണ് വിവിധ അളവിലുള്ള കുതിരകളെ കരക്കാർ നിർമ്മിച്ചത്. ഇത്തവണ വിവിധ ഭാഗങ്ങളിൽനിന്ന് 20 ലേറെ കെട്ടുരുപ്പടികൾ കാഴ്ചക്കണ്ടത്തിൽ അണി നിരന്നു. ക്ഷേത്രത്തിലെ ഗോത്രകലാകളരിയിൽ പരിശീലിച്ച കലാകാരൻമാർ അണിനിരന്ന പടയണി വ്യാഴാഴ്ച രാത്രിയിൽ നടന്നിരുന്നു.